പത്തനംതിട്ട: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിറയെ വെള്ളക്കെട്ട്. പത്തനംതിട്ട നഗരസഭയുടെ ഹാജി സി. മീരാസാഹിബ് ബസ് സ്റ്റാന്‍ഡാണ് മഴ പെയ്തതോടെ നിറയെ വെള്ളക്കെട്ടിലായത്. യാര്‍ഡ് തകര്‍ന്നതോടെ ബസ് സ്റ്റാന്‍ഡില്‍ കുണ്ടും കുഴിയും രൂപപ്പെട്ടിരുന്നു.മഴ പെയ്തതോടെ ഇതു നിറഞ്ഞ് തടാകം പോലെ വെള്ളക്കെട്ടായി. ബസുകള്‍ക്കും യാത്രക്കാര്‍ക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി അധികം കഴിയുന്നതിനു മുന്‍പേ യാര്‍ഡ് തകര്‍ന്നതാണ്. നിര്‍മാണഘട്ടത്തിലെ അപാകമാണ് ഇതിനു കാരണമായി പറയുന്നത്.
പരീക്ഷണാര്‍ഥം ഒരു യാര്‍ഡ് പുനര്‍നിര്‍മിച്ചു. മണ്ണുമാറ്റി അടിഭാഗത്തു നിന്നേ കോണ്‍ക്രീറ്റ് ചെയ്തു കയറിയതോടെ ഈ യാര്‍ഡ് മാത്രമാണ് കുഴിയില്ലാതെ കിടക്കുന്നത്. സ്റ്റാന്‍ഡിലേക്കുള്ള വഴിയും മറ്റ് രണ്ട് യാര്‍ഡുകളും പൂര്‍ണമായി തകര്‍ച്ചയിലാണ്. നേരത്തെ കെഎസ്ആര്‍ടിസി ബസുകള്‍ക്കായി നല്‍കിയിരുന്ന ഭാഗത്തും വെള്ളക്കെട്ട് നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ അന്തര്‍ സംസ്ഥാന ബസുകളുടെ പാര്‍ക്കിംഗിനായി ഈ സ്ഥലം നഗരസഭ വിട്ടു നല്‍കിയിരുന്നു. ബസ് ഉടമാസംഘം യാര്‍ഡ് മക്കിട്ടും മറ്റും നികത്തിയെടുത്തെങ്കിലും മഴ പെയ്തതോടെ വീണ്ടും കുളം തോണ്ടി. സ്വകാര്യ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന മറ്റു യാര്‍ഡുകളും പൂര്‍ണമായി തകര്‍ച്ചയിലാണ്. ബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്തെ തകര്‍ച്ചയാണ് ഏറെ വലയ്ക്കുന്നത്. സ്റ്റാന്‍ഡില്‍ ബസ് കയറാനെത്തുന്നവര്‍ക്കും ചെളി വെള്ളം കൊണ്ടുള്ള അഭിഷേകം പതിവാണ്. സ്റ്റാന്‍ഡിനുള്ളിലേക്ക് കയറാനും ഇറങ്ങാനും ബസുകളും നന്നേ ബുദ്ധിമുട്ടിലാണ്. ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നന്നാക്കുന്നതിനായി നിരവധി സാങ്കേതിക പഠനങ്ങള്‍ അടക്കം നടത്തിയതാണ്.
ഇതിനായി പദ്ധതി തയാറാക്കിയെങ്കിലും ഫണ്ടിന്റെ അഭാവമാണ് പണി തുടങ്ങാന്‍ വൈകുന്നതെന്ന് പറയുന്നു. നിര്‍മാണഘട്ടത്തില്‍ ഉണ്ടായ ചില പാളിച്ചകളാണ് പ്രധാന പ്രശ്നം. ഇതു പരിഹരിക്കണമെങ്കില്‍ എടുത്തിട്ട മണ്ണ് നീക്കി താഴെനിന്നു തന്നെ ബലപ്പെടുത്തല്‍ വേണ്ടിവരും. കോടി കണക്കിനു രൂപയുടെ പദ്ധതി ഇതിനായി വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: