രാജേഷ് ദേവ്
തിരുവനന്തപുരം: ടൂറിസം പദ്ധതിയില്‍പ്പെടുത്തി ആമയിഴഞ്ചാന്‍തോടിന് കുറുകെ പുതുതായി തുടങ്ങിയ പാലം നിര്‍മാണം പാതിവഴിയില്‍. അഞ്ച് കോടി ചെലവിട്ട പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നിലച്ചിരിക്കുകയാണ്.
ചെന്നിലോട് നെല്ലിക്കുഴിയില്‍ ആനയറയുമായി ബന്ധപ്പെടുത്തി വാഹന ഗതാഗതം മുന്‍നിര്‍ത്തി തുടങ്ങിയ പാലമാണ് സര്‍ക്കാരും കരാറുകാരും ഒത്തുകളിച്ച് നിര്‍മാണം നിലപ്പിച്ചിരിക്കുന്നത്. 2021 മേയിലാണ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിക്കൊണ്ട് പാലം നിര്‍മാണം തുടങ്ങുന്നത്. എന്നാല്‍ നിര്‍മാണ അശാസ്ത്രീയത ചൂണ്ടിക്കാട്ടി 2022 ജൂണ്‍ 2ന് വാര്‍ത്ത പ്രചരിച്ചതോടെ മൂന്ന് ദിവസത്തിനുള്ളില്‍ എംഎല്‍എ കടകംപള്ളി സുരേന്ദ്രനും ബന്ധപ്പെട്ട വകുപ്പധികൃതരും നിര്‍മാണ സ്ഥലത്തെത്തി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കരാറുകാരന് ഉത്തരവ് നല്‍കുകയായിരുന്നു. അശാസ്ത്രീയത വിലയിരുത്തിയ ശേഷമായിരുന്നു നടപടി.
പാലത്തിന്റെ ഉയരം തിട്ടപ്പെടുത്തിയതിലായിരുന്നു അശാസ്ത്രീയത വെളിപ്പെടുത്തിയത്. സമീപത്തെ ഉയര്‍ന്ന പ്രദേശത്ത് റോഡ് നിരപ്പില്‍ നിന്ന് രണ്ട് മീറ്ററോളം ഉയരത്തില്‍ നടപ്പാലം ഉണ്ടായിരിക്കേ താഴ്ന്ന പ്രദേശത്ത് റോഡ് നിരപ്പില്‍ രണ്ടടിയോളം ഉയരം ക്രമീകരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി പാലം നിര്‍മാണം നടത്തിയത്. മഴക്കാലത്ത് നടപ്പാലം മുങ്ങുന്ന വിധത്തിലാണ് ആമയിഴഞ്ചാന്‍തോടില്‍ വെള്ളം നിറയുന്നത്. ഇതേ സാഹചര്യത്തില്‍ പുതുതായി നിര്‍മിക്കുന്ന പാലം വെള്ളത്തിനടിയിലാകുമെന്ന മുന്നറിയിപ്പാണ് അപാകതയ്ക്ക് വഴിയൊരുക്കിയത്. സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ നിര്‍മാണത്തിലെ പോരായ്മ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നില്ലേയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശാസ്ത്രീയമായ വിധത്തില്‍ പാലം ഉയര്‍ത്തി നിര്‍മിക്കണമെന്ന് ഇറിഗേഷന്‍, ടൂറിസം വകുപ്പുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്കി. എന്നാല്‍ അന്ന് നിലച്ച നിര്‍മാണം ഇന്നുവരെ കരാറുകാര്‍ പുനരാരംഭിച്ചിട്ടില്ലായെന്നതാണ് വസ്തുത. അതേസമയം ശരിയായ രൂപരേഖ അട്ടിമറിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി പാലം നിര്‍മാണത്തിന് തുടക്കമിട്ടതെന്ന ആക്ഷേപവും ശക്തമാണ്. മൂന്ന് മീറ്ററോളം ഉയരമാണ് പുതിയ പാലത്തിന്റെ രൂപരേഖയായിരുന്നത്. ഇത് മറച്ചുവച്ച് ഉയരം കുറച്ച് തട്ടിക്കൂട്ടി കോടികള്‍ കൈവശപ്പെടുത്തുകയെന്ന അജണ്ടയാണ് കരാറുകാര്‍ നടപ്പിലാക്കിയത്. ആമയിഴഞ്ചാന്‍തോടില്‍ പന്ത്രണ്ട് പില്ലറുകള്‍ സ്ഥാപിച്ചാണ് നിര്‍മാണത്തിന് തുടക്കമിട്ടത്. ഇനി പാലം ഉയര്‍ത്തണമെങ്കില്‍ പില്ലറുകള്‍ക്കൊപ്പം തോടിന്റെ ഇരുവശങ്ങളിലുമുള്ള റോഡും ഉയര്‍ത്തേണ്ടി വരും ഇതിനായി വീണ്ടും കോടികള്‍ അനുവദിപ്പിച്ചെടുക്കാനുള്ള തന്ത്രമാണോ പാലത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തിയിരിക്കുന്നതിന് പിന്നിലെന്ന സംശയവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: