ഇയാഷു: കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടി ഇന്ത്യന്‍ സഖ്യം സാത്വിക്സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. പുരുഷ ഡബിള്‍സിലെ ലോക ഒന്നാം നമ്പര്‍ ജോഡികളായ ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെ ഫൈനലില്‍ കീഴടക്കി. ആദ്യ ഗെയിം തോറ്റ ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തിരിച്ചുവരവ്. സ്കോര്‍: 17-21, 21-13, 21-14
പതിഞ്ഞ തുടക്കത്തിലൂടെ വലിയ തിരിച്ചടി നേരിട്ടുകൊണ്ടു തുടക്കം, പിന്നെ വെല്ലുവിളിയോടെയുള്ള വീണ്ടെടുപ്പ്, ഒടുവില്‍ അധീശത്വത്തോടെ പിടിച്ചടക്കല്‍. അതായിരുന്നു കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡി കളിച്ച ഫൈനല്‍ ഇതിവൃത്തം.
പാളിച്ചകള്‍ നിറഞ്ഞ ആദ്യ ഗെയിമില്‍ അര്‍ഹമായ തോല്‍വിയെ ഏറ്റെടുത്തു. രണ്ടാം ഗെയിമില്‍ സമ്മര്ദ്ദഭാരമില്ലാതെ സമചിത്തതയോടെ തുടങ്ങി. പതുക്കെ എതിര് ദിശയിലേക്ക് പവറും പേസും നിറഞ്ഞ ഷോട്ടുകള്‍ ഉതിര്‍ത്ത് മുന്നേറ്റത്തിന്റെ സൂചനകളിട്ടു. രണ്ടാം ഗെയിമിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഇന്ത്യ 6-4ന് മുന്നിട്ടു നിന്നു. ഇന്ത്യയോട് ഒപ്പത്തിനൊപ്പം പൊരുതി ഇന്തോനേഷ്യയും തുടര്‍ന്നു. പിന്നീട് 10-8ന്റെ മേല്‍കോയ്മയിലുള്ള ഇന്ത്യന്‍ സ്കോര്‍ ചിത്രം. വളരെ വേഗം നേടിയ മൂന്ന് ബ്രേക്ക് പോയിന്റുകളുടെ ബലത്തില്‍ സാത്വികും ചിരാഗും ഇന്ത്യന്‍ ലീഡ് കൂട്ടിയെടുത്തു. പിന്നെ കണ്ട സ്കോര്‍ നില 17-11. വ്യക്തമായ വ്യത്യാസം ഇന്ത്യന്‍ ജോഡികളുടെ കളിയിലും കളിക്കണക്കിലും കണ്ടതോടെ ഒന്നാം സീഡ് ജോഡികള്‍ സമ്മര്‍ദ്ദത്തിലായി ഒടുവില്‍ രണ്ടാം ഗെയിം 21-13ന്റെ ആധിപത്യത്തില്‍ ഇന്ത്യ തിരിച്ചുരവിന്റേതാക്കി.
ഈ ഇന്ത്യന്‍ ആധിപത്യത്തിന്റെ മൂര്‍ദ്ധന്യമായിരുന്നു വിജയികളെ നിര്‍ണയിച്ച മൂന്നാം ഗെയിം. 9-6ന്റെ ലീഡില്‍ നിന്നും പിന്നെ കണക്കുകള്‍ കാണിക്കുമ്പോള്‍ ഇന്ത്യ 11-8ലെത്തി. അത് പിന്നെ 18-12 ആയി. ഒടുവില്‍ വിജയത്തേരിലേക്കുള്ള കാല്‍വയ്പ്പ്.
പുരുഷ, വനിതാ സിംഗിള്സിലടക്കം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം നേരത്തെ പുറത്തായ കൊറിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ റൗണ്ട് മുതല്‍ ഇന്ത്യന്‍ പ്രതീക്ഷ സാത്വികിലും ചിരാഗിലും മാത്രമായി ഒതുങ്ങി. ടൂര്‍ണമെന്റ് പര്യവസാനിക്കുമ്പോള്‍ അവര്‍ ഇന്ത്യയ്ക്കായി ചാമ്പ്യന്‍പട്ടം നേടിയെടുത്ത് ആഘോഷിച്ചു. 11 ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ച ടൂര്‍ണമെന്റിലാണ് ഇവര്‍ രണ്ട് പേരും മാത്രം വെന്നിക്കൊടി പാറിച്ച് ഇന്ത്യയുടെ അഭിമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: