തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള കലാപം മതത്തിന്റെ പേരിലാക്കി സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി കുറേനാളുകളായി ശ്രമിക്കുന്നുണ്ട്. സിപിഎമ്മിന്റെ വ്യാജപ്രചരണം സംസ്ഥാന മുഖ്യമന്ത്രിയും ഏറ്റെടുത്തത് ദൗര്‍ഭാഗ്യകരമാണെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിദ്വേഷ പ്രചരണം നടത്തുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കണം. കലാപം തടയാന്‍ മണിപ്പൂര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. മണിപ്പൂരില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കലാപങ്ങള്‍ വളരെ കുറവാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അയ്യായിരത്തോളം കലാപങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 700 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. തൊണ്ണൂറുകളില്‍ മാസങ്ങളോളം നീണ്ടുനിന്ന കലാപങ്ങള്‍ക്ക് മണിപ്പൂര്‍ വേദിയായിട്ടുണ്ട്.
അഫ്സ പിന്‍വലിച്ച് മണിപ്പൂരിനെ സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. എന്നാല്‍ വിധ്വംസക ശക്തികള്‍ വീണ്ടും മണിപ്പൂരിനെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് മണിപ്പൂരില്‍ ശാശ്വത സമാധാനം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. മണിപ്പൂരിലെ ഗോത്രകലാപത്തെ ക്രൈസ്തവ വേട്ടയാക്കി മാറ്റുന്നത് ഗൂഢ അജണ്ടയാണ്. മണിപ്പൂരില്‍ എല്ലാ വിഭാഗം ജനങ്ങളിലും സ്വാധീനമുള്ള ഏക പാര്‍ട്ടി ബിജെപിയാണ്. അവിടുത്തെ ക്രിസ്ത്യാനികള്‍ ബിജെപിക്കൊപ്പമാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: