തിരുവല്ല: പുറത്തിറങ്ങാന്‍ പറ്റാത്തവിധം നാട്ടുകാര്‍ക്ക് പണിയായി പുത്തനാര്‍. മാലിന്യം നിറഞ്ഞ തോട്ടില്‍ നിന്നുയരുന്നത് ദുര്‍ഗന്ധം തോട്ടിന്കരയിലെ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍പോലും മടുപ്പിക്കുന്ന മണം മൂലം കഴിയാത്ത അവസ്ഥയിലാണ്.
നെടുമ്പ്രം പഞ്ചായത്തിലെ മണിപ്പുഴ തോട്ടില്‍നിന്ന് തുടങ്ങുന്ന പുത്തനാറെന്ന തോട് പൊടിയാടിയില്‍ കായംകുളം സംസ്ഥാനപാതയിലെ ചെറിയപാലത്തിനടിയിലൂടെ വൈക്കത്തില്ലം വഴിയാണ് ഒഴുകുന്നത്. പോളയും പായലും ചവറിട്ട കവറുകളും ചത്തുചീഞ്ഞ മൃഗാവശിഷ്ടങ്ങള്‍ വരെയുമാണ് തോട്ടിലുള്ളത്. ഒഴുക്കു നിലച്ച വെള്ളത്തിന്റെ മുകളില്‍ കറുത്ത കവറുകള്‍ നിറഞ്ഞുകിടക്കുന്നു. പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ പഠിപ്പിക്കുന്ന അധികൃതര്‍ ഈ ജലസ്രോതസിനെ കണ്ട മട്ടില്ല. നാല് വര്‍ഷം മുന്‍പ് കയര്‍ ഭൂവസ്ത്രം വിരിച്ച് തോടിന്റെ വശങ്ങള് സംരക്ഷിച്ചിരുന്നതാണ്. ഒരുവര്‍ഷം മുന്‍പ് തൊഴിലുറപ്പ് പദ്ധതിയില്‍ തോട് മുഴുവന്‍ വൃത്തിയാക്കുകയും ചെയ്തു.പഞ്ചായത്ത് റോഡിന്റെ അരികിലൂടെയാണ് കുറേഭാഗം തോട് കടന്നുപോകുന്നത്.
മൂന്ന് മാസം മുന്‍പാണ് തോട്ടില്‍ മാലിന്യം തള്ളല്‍ രൂക്ഷമായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊടിയാടിയിലെ ചില കടകളില്‍നിന്ന് ഇവിടെ മാലിന്യം തള്ളുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. ഈ ഭാഗത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചാല്‍ അധികൃതര്‍ക്ക് മാലിന്യം തള്ളുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും കഴിയും. പരാതികള്‍ ഉയര്‍ന്നിട്ടും നടപടികള്‍ ഉണ്ടായിട്ടില്ലെന്നു പ്രദേശവസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: