ന്യൂദല്‍ഹി: ഒരു ഇന്ത്യയ്ക്ക് ഒരു ലൈബ്രറി എന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് ചുവടുവെയ്ക്കുന്നു. പാര്‍ലമെന്റ് ലൈബ്രറി ഉള്‍പ്പെടെ ഇന്ത്യയിലെ മുഴുവന്‍ ലൈബ്രറികളിലെയും പുസ്തകസഞ്ചയം ഇ-ബുക്കുകളായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ പദ്ധതി ഒരുങ്ങുന്നു. പ്രധാനമന്ത്രി മോദിയുടെ വലിയൊരു സ്വപ്നമാണ് സാധ്യമാകുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, എഴുത്തുകാര്‍, അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം അറിവിന്റെ വലിയൊരു ലോകം മുന്നില്‍ തുറക്കുകയാണ്.
പാര്‍ലമെന്റ് ലൈബ്രറി, പ്രധാനമന്ത്രിമാരുടെ മ്യൂസിയവും ലൈബ്രറിയും, രാഷ്ട്രപതി ഭവന് എന്നിവിടങ്ങളിലെ അനര്‍ഘമായ പുസ്തകസമ്പത്ത് മുഴുവന്‍ ഇതോടെ തുറന്നുകിട്ടും. തുടക്കത്തില്‍ 13 ലൈബ്രറികളിലെ പുസ്തകങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. കൊല്‍ക്കൊത്തയിലെ നാഷണല്‍ ലൈബ്രറി, ന്യൂദല്‍ഹിയിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലൈബ്രറി, പട്നയിലെ ഖുദ ബക്ഷ് ഓറിയന്റല്‍ പബ്ലിക് ലൈബ്രറി, ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് ലൈബ്രറി എന്നിവയാണ് ബന്ധിപ്പിക്കുക.
ഈ മാതൃക രാജ്യത്താകെ പിന്നീട് നടപ്പാക്കും. ഇന്ത്യന്‍ കള്‍ച്ചറല്‍ പോര്‍ട്ടില്‍ ഈ പുസ്തകങ്ങള്‍ ലഭ്യമാകും. അതിന് ചെറിയൊരു ഫീസ് ഈടാക്കിയേക്കും. ആഗസ്ത് 5,6 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന ലൈബ്രറികളുടെ ദേശീയോത്സവത്തില്‍ പ്രധാനമന്ത്രി തന്നെ ഈ പുതിയ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: