പാലക്കാട്: ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും, പാലക്കാട് എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില്‍ 110 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശി അറസ്റ്റില്‍. കൊല്ലം പട്ടത്താനം സ്വദേശി ശരണ്‍ മോഹന്‍ (24) ആണ് പിടിയിലായത്. പിടികൂടിയ ലഹരിമരുന്നിനു വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.
പാലക്കാട് ജങ്ഷന് റെയില്‍വെ സ്റ്റേഷനില്‍ ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിലെ പരിശോധന കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷന് ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഗള്‍ഫിലായിരുന്ന ഇയാള്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. മറ്റു ജോലികളില്‍ നിന്നും വരുമാനം കുറവായതിനാല്‍, എളുപ്പത്തില്‍ പണം സമ്പാദിക്കാനാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നത്.
ആര്‍പിഎഫ് സിഐ: എന്‍. കേശവദാസ്, എസ്ഐമാരായ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, എഎസ്ഐമാരായ കെ. സജു, എസ്.എം. രവി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഒ.കെ. അജീഷ്, എന്‍. അശോക്, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. രാജേഷ്, അസി. ഇന്‍സ്പെക്ടര്‍ സയ്യിദ് മുഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് റിയാസ്, കെ. രാജേഷ്, കെ. ദിലീപ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
മറ്റൊരുസംഭവത്തില്‍ ചാലിശ്ശേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയില്‍ 2.3 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. വാണിയംകുളം സ്വദേശി വി. അജയ് (21) യെയാണ് മുല്ലയംപറമ്പ് അമ്പലം ഗ്രൗണ്ടിന് സമീപത്ത് നിന്നും പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് വാങ്ങിയ ലഹരിമരുന്ന് ചാലിശ്ശേരിയില്‍ വില്പനക്കാടി കൊണ്ടുവന്നപ്പോഴാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി: പി.സി. ഹരിദാസ്, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി: ആര്. മനോജ് കുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ടി.വി. ഋഷിപ്രസാദിന്റെ നേതൃത്വത്തിലുള്ള ചാലിശ്ശേരി പോലീസും, എസ്ഐ എച്ച്. ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരിമരുന്ന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: