ഓക്ക്ലന്‍ഡ്: ഫിഫ വനിതാ ലോകകപ്പിന്റെ ആദ്യദിനം ആതിഥേയ രാജ്യങ്ങളായ ന്യൂസിലാന്‍ഡും ഓസ്ട്രേലിയയും സ്വന്തമാക്കി. ഗ്രൂപ്പ് എയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡ് നോര്‍വെയെ ആണ് പരാജയപ്പെടുത്തിയത്. രണ്ടാം മത്സരം ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയയും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും തമ്മിലായിരുന്നു. ഓസ്ട്രേലിയ ആദ്യ ഈ ലോകകപ്പിലെ ആദ്യ ജയം നേടി.
ഇരു രാജ്യങ്ങളുടെയും വിജയത്തിന് ഇന്നലെ സമാന സ്വഭാവമായിരുന്നു. ആദ്യകളിയില്‍ നോര്‍വേയെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ന്യൂസിലാന്‍ഡിന്റെ വിജയഗോള്‍ നേടിയത്. പിന്നാലെ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെയും തോല്‍പ്പിച്ചത് 1-0ന്. രണ്ടാം പകുതി ആരംഭിച്ച് അധികം താമസിയാതെയാണ് ഓസ്ട്രേലിയയും വിജയഗോള്‍ നേടിയത്.
ആദ്യഗോള്‍ നേടി ഹന്നാഹ് വില്‍ക്കിന്‍സണ്‍
ഫിഫാ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ഒമ്പതാം പതിപ്പിലെ ആദ്യഗോള്‍ ന്യൂസിലാന്‍ഡ് സ്ട്രൈക്കര്‍ ഹന്നാഹ് വില്‍ക്കിന്‍സണിന്റെ വക. മത്സരത്തിന്റ രണ്ടാം പകുതിയിലാണ് ന്യൂസിലാന്‍ഡ് വിജയഗോള്‍ പിറന്നത്. 48-ാം മിനിറ്റിലായിരുന്നു ആ ആഘോഷ നിമിഷം. ഗോള്കിക്കെടുത്തതില് നിന്നാണ് വിജയഗോളില്‍ കലാശിച്ചത്. വലത് ഭാഗത്തു കൂടി മുന്നിലെത്തിയ പന്ത് ഒടുവില്‍ ഹന്നാഹ് വില്‍ക്കിന്‍സണിന്റെ കാലിലെത്തി. ആറ് വാര അകലെ നിന്ന് തൊടുത്ത ഷോട്ട് വലയില്‍ കയറി.
കളി പിന്നെയും മുന്നേറി 88-ാം മിനിറ്റില്‍ ഹന്നാഹ് ഇരട്ടഗോള്‍ നേടേണ്ടതായിരുന്നു. നോര്‍വേ താരം ടുവാ ഹാന്സെന് ഹാന്‍ഡ് ബോള്‍ വഴങ്ങി. വാര് പരിശോധനയില്‍ പെനല്‍റ്റി വിധിച്ചെങ്കിലും കിക്കെടുത്ത ഹന്നാഹ് വില്‍ക്കിന്‍സണ്‍ അവസരം പാഴാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: