അമേച്വര്‍ നാടകങ്ങളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും നടനസാന്നിദ്ധ്യമറിയിച്ച നടനാണ് ജനൻ. സാഹിത്യനിരൂപകനും നാടകകൃത്തും നടനുമായിരുന്ന പ്രൊഫ. ആര്. നരേന്ദ്രപ്രസാദിന്റെ ‘മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു’ എന്ന നാടകത്തിലെ ‘ദൈവ’ത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നാടകത്തിലെ തുടക്കം. പിന്നീട് ഇരുപതിലധികം സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ജനന് ബ്രേക്കായത് ഏഷ്യാനെറ്റ് സംപ്രേക്ഷണംചെയ്ത ഡോ. എസ്. ജനാര്‍ദ്ദനന്റെ ‘രഹസ്യ’ത്തിലെ മൊയ്തീനാണ്. വിശ്വസ്തനും ആശ്രിതനുമായിരുന്നെങ്കിലും സ്വന്തം മുതലാളിയുടെ കത്തിക്ക് ഇരയായി പിടഞ്ഞുമരിക്കേണ്ടിവന്ന വീട്ടുജോലിക്കാരനായ പാവം മൊയ്തീനെ ഉജ്ജലമാക്കിയ ജനനെ ഈ പരമ്പര പ്രേക്ഷകര്‍ തിരിച്ചറിയുന്ന അവസ്ഥയിലെത്തിച്ചു. എന്നാല്‍ എന്തുകൊണ്ടോ തുടര്‍ന്ന് ഇതുപോലുള്ള നല്ല വേഷങ്ങള്‍ ലഭിച്ചില്ല.
2012 മുതല്‍ 2016 മാര്‍ച്ച് വരെ നാലുവര്‍ഷക്കാലം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും ഇക്കാലയളവില്‍ ഭാഗ്യരാജ്, ഐ.വി. ശശി, ഭദ്രന് മാട്ടേല്‍, ജോണ്‍പോള്‍, ഭാരതിരാജ, സിബി മലയില്‍, പ്രിയദര്ശന്, രാജീവ്നാഥ് എന്നിവരുള്‍പ്പെട്ട അവാര്‍ഡ് ജൂറികള്ക്കൊപ്പം സഹകരിക്കാനായതും 2015-ലെ അഭിനയത്തിനുള്ള പ്രത്യേക പുരസ്കാരം ജയസൂര്യയ്ക്ക് നേടിക്കൊടുക്കാന്‍ തന്റെ അവസരോചിത ഇടപെടല്‍ ഒരു നിമിത്തമായി മാറ്റാനായതും മറക്കാനാവാത്ത അനുഭവങ്ങളാണ്.
ജയസൂര്യ എന്ന നടനെ ആദ്യം പ്രത്യേക ജൂറി പരാമര്‍ശത്തില്‍ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2014 മുതല്‍ ചലച്ചിത്ര അക്കാദമി ആവിഷ്ക്കരിച്ച അന്‍പതിനായിരം രൂപ ഉള്‍പ്പെടെയുള്ള അവാര്‍ഡ് നിയമാവലി അവസാനനിമിഷം ചലച്ചിത്ര സംവിധായകന് മോഹന്‍ ചെയര്‍മാനായ ജൂറിയുടെ മുന്നിലെത്തിച്ച് ജയസൂര്യയ്ക്ക് മികച്ച നടന്റെ തൊട്ടടുത്തുനില്ക്കുന്ന പ്രത്യേക പുരസ്കാരം നേടിക്കൊടുത്തത് ഉദ്യോഗസ്ഥനെന്നതിലുമുപരി തന്നില്‍ നിലനിന്ന കലാസഹൃദയത്ത്വമായിരുന്നു എന്ന വിശ്വാസക്കാരനാണ് ജനന്.
ചലച്ചിത്ര അക്കാദമിയിലെ ജോലി രാജിവെച്ച് ഇനിയുള്ള മുഴുവന്‍ സമയവും അഭിനയത്തിനുമാത്രമായി സമര്‍പ്പിക്കാനും അതിലൂടെ അംഗീകാരങ്ങളും നേട്ടങ്ങളും സ്വപ്നംകാണാനുമാണ് ജനന്റെ തീരുമാനം. തന്റെ അഭിനയസപര്യയ്ക്ക് സിനിമകളിലൂടെയും സീരിയലുകളിലൂടെയും കരുത്തും മിഴിവുമുള്ള കഥാപാത്രങ്ങളിലൂടെ സര്‍ഗസാഫല്യമുണ്ടാകുമെന്നു തന്നെയാണ് ജനന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: