കോട്ടയം: പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീടിന്റെ അകത്തളം ഇന്നലെ മുതൽ പ്രാര്‍ത്ഥനാ മുഖരിതമായിരുന്നു. ഏത് പ്രതിസന്ധിയേയും ശാന്തമായ മുഖത്തോടെ അഭിമുഖീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് സമീപം ബന്ധുമിത്രാദികള്‍ നിറകണ്ണുകളോടെ ഇരുന്നു. പുതുപ്പള്ളി നിവാസികളുടെ ഹൃദയ സ്പന്ദനം വരെ തിരിച്ചറിഞ്ഞിരുന്ന തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ ഹൃദയതാളം നിലച്ചുവെന്നറിഞ്ഞ നിമിഷം മുതല്‍ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് ഒഴുകിയെത്തിയത് നിരവധി പേര്.
പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തെ കേരള രാഷ്ട്രീയത്തിന്റെ നെറുകയില്‍ അടയാളപ്പെടുത്തിയ ഉമ്മന്‍ ചാണ്ടിക്ക്, നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് വിട നല്‍കാനുള്ള ഒരുക്കത്തിലാണ്. കക്ഷി രാഷ്രീയ ഭേദമന്യേ എല്ലാവരേയും ഒരേ മനസ്സോടെ കണ്ട ജനകീയ നേതാവിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ പുതുപ്പള്ളിക്കാര്‍ക്ക് സാധിച്ചിട്ടില്ല. സഹപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, പുരോഹിതര്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക രംഗങ്ങളിലെ നിരവധി പേര് ഇന്നലെത്തന്നെ പുതുപ്പള്ളിയിലെ വീട്ടിലേക്കെത്തി. ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. പുരോഹിതരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടന്നു.
വന്നവര്‍ക്കെല്ലാം ഒരേ സ്വരത്തില്‍ പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചുമായിരുന്നു. എല്ലാവരോടും സ്നേഹം. സഹായം ചോദിച്ചെത്തുന്നവരെ നിരാശരാക്കിയ ചരിത്രം ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലില്ല. ഈ ഓര്‍മ്മകളില്‍ വിങ്ങുന്ന ഹൃദയത്തോടെയെത്തിയവരായിരുന്നു അധികമാളുകളും. ഏത് അര്‍ധരാത്രിക്കും ഏതൊരാള്‍ക്കും സമീക്കാവുന്ന വ്യക്തി.
പുതുപ്പള്ളിയിലുള്ള കുടുംബ വീടിന്റെ പൂമുഖപ്പടിവാതില്‍ പുതുപ്പള്ളിക്കാരുടെ അഭയകേന്ദ്രമായിരുന്നു. അത് കടന്നെത്തിയാല്‍ ഏത് ആവലാതിയും ബോധിപ്പിക്കാന്‍ തങ്ങള്ക്കൊരാളുണ്ട് എന്നത് പുതുപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരവുമായിരുന്നു. അതേ വീടിന്റെ മുറ്റത്ത് ഇന്നലെയുയര്‍ന്നത് ഒരു വെള്ളപ്പന്തല്‍. ആ പന്തലിന് കീഴെ ഇന്ന് പുതുപ്പള്ളിയുടെ സ്വന്തം കൂഞ്ഞൂഞ്ഞ് എത്തും, ചേതനയറ്റ ശരീരമായി. ആ കാഴ്ചയെ എങ്ങനെ ഉള്‍ക്കൊള്ളുമെന്നറിയാതെ ഉഴറുകയാണ് പുതുപ്പള്ളിക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: