വിക്ടോറിയ: അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുമോയെന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്ന നിലപാടുമായി ആതിഥേയരായി തെരഞ്ഞെടുക്കപ്പെട്ട നഗരത്തിന്റെ പ്രാദേശിക ഭരണകൂടം. ടൂര്‍ണമെന്റ് നടത്തിപ്പിനുള്ള സാമ്പത്തിക ചിലവ് താങ്ങാനാവില്ലെന്ന കാരണത്താലാണ് ഗെയിംസിനായി തെരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയന്‍ സ്റ്റേറ്റ് വിക്ടോറിയ ഭരണകൂടം കടുത്ത നിലപാട് സ്വീകരിച്ചത്.
ഇന്നലെയാണ് വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ആയിട്ടുള്ള ഡാനിയേല്‍ ആന്‍ഡ്രൂസ് ആതിഥേയ സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതായി അറിയിച്ചത്. നേരത്തെ രണ്ട് ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനായി വിക്ടോറിയ സ്റ്റേറ്റ് അടങ്കലിട്ടത്. എന്നാല്‍ ഗെയിംസ് പൂര്‍ണമായിക്കഴിയുമ്പോള്‍ ഏഴ് ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്, സത്യം പറഞ്ഞാല്‍ ഇത് താങ്ങാനാവുന്നതല്ല- ഡാനിയേല്‍ ആന്‍ഡ്രൂസ് പറഞ്ഞു. വിക്ടോറിയ സ്റ്റേറ്റിലെ പ്രധാന നഗരമായ മെല്‍ബണില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് ഡാനിയേല്‍ ആന്‍ഡ്രൂസ് സ്റ്റേറ്റിന്റെ തീരുമാനം അറിയിച്ചത്. കോമണ്‍വെല്‍ത്ത് ഫെഡറേഷനെ ഇക്കാര്യം അറിയിച്ചതായും വ്യക്തമാക്കി.
20 സ്പോര്‍ട്സ് ഇവന്റുകളും 26 മറ്റ് കായിക മത്സരങ്ങളുമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുന്നത്. ഇതിനെല്ലാറ്റിനുമായി കണ്ടുവച്ചിരിക്കുന്നത് വിക്ടോറിയയിലെ ഗീലോങ്, ബല്ലാരറ്റ്, ബെന്‍ഡിഗോ, ഗിപ്സ്ലാന്‍ഡ്, ഷെപ്പാര്‍ട്ടന്‍ എന്നിവിടങ്ങളിലായാണ് ഗെയിംസ് വില്ലേജ് ഒരുക്കാന്‍ നിശ്ചയിച്ചത്. ഇതിനായി നടത്തിയ അടങ്കല്‍ പലതവണ മാറ്റേണ്ടിവന്നു ഒടുവിലാണ് രണ്ട് ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറില്‍ എത്തിചേര്‍ന്നത്. ഒടുവില്‍ മൊത്തം ചിലവ് കണക്കാക്കിയപ്പോളാണ് ഏഴ് ബില്യണ്‍ ഡോളറിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് വ്യക്തമായത്.
കോമണ്‍വെല്‍ത്തില്‍ ഉള്‍പ്പെട്ട ഇന്ത്യ അടക്കമുള്ള 56 രാജ്യങ്ങളിലെ കായിക താരങ്ങള്‍ നാല് വര്‍ഷം കൂടുമ്പോള്‍ മത്സരിക്കുന്ന കായികമേളയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. അടുത്ത കോമണ്‍വെല്‍ത്തില്‍ 54 രാജ്യങ്ങളില്‍ നിന്നായി നാലായിരത്തോളം പേരെങ്കിലും പങ്കെടുക്കുമെന്നാണ് ഏകദേശ കണക്ക്. ഈ സാഹചര്യത്തില്‍ ഇടയ്ക്ക് വച്ച് ആതിഥേയ നഗരം സ്വീകരിച്ചിരിക്കുന്ന നിലപാട് കോമണ്‍വെല്‍ത്ത് ഫെഡറേഷനെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ബിര്‍മിങ്ഹാമില്‍ നടത്തിയതും ഇതുപോലെ മറ്റൊരു നഗരം പിന്മാറിയ സാഹചര്യത്തിലായിരുന്നു. വിക്ടോറിയ സ്റ്റേറ്റ് ഭരണകൂടത്തിന്റെ നിലപാട് സംബന്ധിച്ച് ഓസ്ട്രേലിയയിലെ കോമണ്‍വെല്‍ത്ത് അധ്യക്ഷന്‍ ബെന്‍ ഹൂസ്റ്റണ്‍ പ്രതികരിച്ചത് നിരാശപ്പെടുത്തുന്ന തീരുമാനമാണ് എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: