ന്യൂദല്‍ഹി: പബ് ജി എന്ന മൊബൈല്‍ ഗെയിം കളിച്ച് പരിചയത്തിലായ ഇന്ത്യയിലെ കാമുകനെ വിവാഹംകഴിക്കാന്‍ ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന് വനിത സീമ ഹൈദറുടെ വരവിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ് ഐയുടെ കരങ്ങളുണ്ടോ എന്ന് സംശയം. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത്തരമൊരു സംശയം പ്രകടിപ്പിക്കുന്നത്. ഇപ്പോള്‍ സീമ ഹൈദര്‍ ചാരവനിതയാണോ അതോ കാമുകിയോ എന്ന ചോദ്യത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്നെ ഉത്തരം പറയാനാവുന്നില്ല.
കാരണം കഴിഞ്ഞ ദിവസം സീമ ഹൈദറിന്റെ മൊബൈല്‍ കാള്‍ റെക്കോഡുകള്‍ മായ്ച്ചുകളഞ്ഞതായി യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഇവര്‍ പാകിസ്ഥാനില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വന്നത് എങ്ങിനെയെന്ന കാര്യത്തില്‍ തുമ്പ് കിട്ടാതെ പൊലീസ് വിഷമിക്കുകയാണ്. ആ ദിവസങ്ങളില്‍ അവര്‍ ആരെയൊക്കെ ബന്ധപ്പെട്ടു എന്നറിയാനുള്ള വഴിയാണ് ഇതോടെ അടഞ്ഞുപോയത്.
കഴിഞ്ഞ ദിവസം യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) സീമ ഹൈദറെയും അവരെ വിവാഹം കഴിച്ച ഇന്ത്യന്‍ യുവാവ് സച്ചിനെയും ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സീമയുടെ മൊബൈലിലെ കാള്‍ ഡാറ്റ റെക്കോഡുകള്‍ വീണ്ടെടുക്കാന്‍ എടിഎസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും തീരെ വ്യക്തതയില്ല. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഇവ വീണ്ടും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സീമ ചില വ്യക്തികളോട് സംസാരിച്ചതിന്റെ നമ്പറുകള്‍ കാണാനില്ല. ഈ നമ്പറുകള്‍ നിലവിലില്ല എന്നാണ് കാണിക്കുന്നത്. ഇത് പാകിസ്ഥാന് രഹസ്യ ഏജന്‍സികളുടേതാണോ എന്ന് സംശയിക്കുന്നു.
ദൂബായും നേപ്പാളും സീമ ഹൈദര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇരുരാജ്യങ്ങളിലെയും ഹൈകമ്മീഷന് ഓഫീസുകളുമായി ബന്ധപ്പെട്ട് കണ്ടെടുക്കാന്‍ ശ്രമിക്കുന്നു. നാലു കുട്ടികളെയും കൊണ്ടാണ് സീമ ഹൈദര്‍ ദുബായില്‍ പോയത്. എന്നാല്‍ ദുബായില്‍ ആരെല്ലാമായി സംസാരിച്ചെന്നോ, വിസ സംഘടിപ്പിച്ചുകൊടുത്തത് ആരെന്നോ ഉള്ള കാര്യം സീമ വെളിപ്പെടുത്തുന്നില്ല. ഇത് സംബന്ധിച്ചുള്ള മൊഴി സീമ പലകുറി മാറ്റി. കാമുകന് സച്ചിന് മീണയുമായി സംസാരം തുടങ്ങിയ അന്നുമുതലുള്ള കാള്‍ റെക്കോഡുകള്‍ എടുക്കുകയാണ്. മാത്രമല്ല, നേപ്പാളില്‍ നിന്നും സീമ ഇന്ത്യയിലേക്ക് വന്ന യാത്രാ പഥങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ നേപ്പാള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: