പാലക്കാട്: നഗരത്തെ ഞെട്ടിച്ച ഗുണ്ടാ ആക്രമണ കേസില്‍ കാപ്പ തടവുകാരന് ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റില്‍. കണ്ണാടി ചടനാംകുറിശ്ശി പുത്തന്‍പുര വീട്ടില്‍ വി. കൃഷ്ണപ്രസാദ് (46), കണ്ണാടി ഏന്തക്കാട് പറക്കുളം കുന്നുപറമ്പ് പി.ആര്. ചന്ദ്രബാബു (46) എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് തിരുപ്പതിയില്‍ നിന്നും പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയായ കണ്ണാടി ചേലക്കാട് സ്വദേശി മനോജിന് രണ്ടുദിവസം മുമ്പ് അറസ്റ്റുചെയ്തു റിമാന്റ് ചെയ്തിരുന്നു. കഴിഞ്ഞ 12ന് രാത്രി ഒമ്പതരയോടെയാണ് പാലക്കാട് നഗരത്തിന് സമീപം കണ്ണാടിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിക്കുകയും കാറിന്റെ ഗ്ലാസുകള്‍ വെട്ടിപൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരിന്നു. കാറിലുണ്ടായിരുന്ന യാക്കര സ്വദേശി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദേശാനുസരണം പാലക്കാട് എഎസ്പി ഷാഹുല്‍ഹമീദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ്.
ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതിയായ കൃഷ്ണപ്രസാദ് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പതിനേഴോളം കേസുകളില്‍ പ്രതിയാണ്. ഇയാള്‍ മുന്‍ കാപ്പ തടവുകാരനുമാണ്. കേസിലെ രണ്ടാം പ്രതിയായ ചന്ദ്രബാബു പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
കണ്ണാടിയിലെ ആക്രമണ ദിവസം തന്നെ ആയുധങ്ങളുമായി വീടുകളില്‍ എത്തി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ കാര്യത്തിന് ഇവര്‍ക്കെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ കൂടി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: