ഗാല്ലെ: ശ്രലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍. രണ്ടാം ദിനം വിക്കറ്റെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തിട്ടുണ്ട്. സൗദ് ഷക്കീല്‍(69), അഘാ സല്മാന്(61) എന്നിവരാണ് ക്രീസില്‍. പാക് സ്കോര്‍ നൂറ് റണ്‍സ് തികച്ചതിന് തൊട്ടുപിന്നാലെ അഞ്ച് വിക്കറ്റുകള്‍ വീണ് പാക് പട തകര്‍ന്നു നിന്ന അവസരത്തിലാണ് ഷക്കീലും സല്‍മാനും ഒരുമിച്ചത്. പിരിയാത്ത 116 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീമിന് ഇതുവരെ സമ്മാനിച്ചിരിക്കുന്നത്. നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ നേടിയ 312 റണ്‍സിനെതിരെ ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്റെ മുന്‍നിര വിക്കറ്റുകള്‍ വേഗത്തില്‍ പുറത്തായി. ഷാന്‍ മസൂദ്(39) മാത്രമാണ് കുറച്ചെങ്കിലും മികവുകാട്ടിയത്. അതിവേഗം സ്കോര്‍ ചെയ്യുക എന്ന ശൈലിയിലാണ് താരം ബാറ്റ് വീശിയത്. 30 പന്തുകള്‍ നേരിട്ടാണ് പുറത്തായത്.
തുടക്കത്തിലെ അപകടകാരിയായ ഇമാം ഉള് ഹഖിനെ പുറത്താക്കിയെങ്കിലും ലങ്കന്‍ നിരയില്‍ പേസര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നപ്പോള്‍ പ്രഭാത് ജയസൂര്യ പന്തെറിയാനെത്തി. പിന്നെ വീണ്ടും വിക്കറ്റുകള്‍ വീണു തുടങ്ങി. 16 ഓവര്‍ എറിഞ്ഞ ജയസൂര്യ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. രമേഷ് മെന്‍ഡിസിന് ഒരുവിക്കറ്റുണ്ട്.
തലേന്ന് സ്വന്തമാക്കിയ 250ലേറെ വരുന്ന സ്കോറുമായി ഇറങ്ങിയ ശ്രീലങ്ക രാവിലെ തന്നെ തകര്‍ന്നുവീണു. ശേഷിച്ച വിക്കറ്റുകള്‍ വളരെ വേഗം വീണു. തലേന്ന് നങ്കൂരമിട്ടു നിന്ന ധനഞ്ജയ ഡി സില്‍വ സെഞ്ച്വറിയടിച്ചാണ് പുറത്തായത്. 12 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 122 റണ്‍സാണ് താരം നേടിയത്. ഒമ്പതാമനായാണ് ധനഞ്ജയ പുറത്തായത്. വാലറ്റത്ത് വിശ്വ ഫെര്‍ണാണ്ടോ 21 റണ്‍സുമായി പുറത്താകാതെ നിന്നു. പാക് ബോളര്‍മാരായ ഷഹീന് അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. അഘാ സല്മാന് ഒരു വിക്കറ്റ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: