തിരുവനന്തപുരം: മുതലപ്പൊഴിയിൽ കഴിഞ്ഞ തിങ്കളാഴ്ച വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. വീട്, ജോലി, കടാശ്വാസം എന്നിവ ഉറപ്പാക്കിയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. കുഞ്ഞുമോൻ, സുരേഷ്, റോബിൻ, ബിജു എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായ പാക്കേജ്.
ഇൻഷൂറൻസായി ലഭിക്കുന്ന തുക കൂടാതെ ഉള്ള ഉറപ്പുകളാണ് പാക്കേജിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ഡ്രഡ്ജിങ് പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പുമായി നാളെ തന്നെ ചർച്ച നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചേർന്ന മന്ത്രി സഭാ ഉപസമിതി തീരുമാനിച്ചു. മന്ത്രിമാര്‍ അദാനി ഗ്രൂപ്പുമായും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു.
സെപ്റ്റംബറിനകം അദാനി ഗ്രൂപ്പ് ഡ്രഡ്ജിങ് പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. കരാറില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയേ തീരു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്ന കാര്യം അദാനി ഗ്രൂപ്പിനെ അറിയിക്കും. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അപ്രോച്ച് ചാനലില്‍ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യാന്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കും. ചാനലിലേക്ക് മണല്‍ ഒഴുകിവരാതെ അതിന് മുമ്പ് തന്നേ പൈപ്പിലൂടെ പമ്പ് ചെയ്ത് മറുഭാഗത്തെത്തിക്കാന് വേണ്ട കാര്യങ്ങള്‍ ചെയ്യും.
പൊഴിയുടെ ഇരുവശങ്ങളിലുമുള്ള വെളിച്ചക്കുറവ് പരിഹരിക്കാന്‍ ആധുനികമായ ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനെല്ലാം വേണ്ട എസ്റ്റിമേറ്റ് എടുക്കാന്‍ ബന്ധപ്പെട്ട ഹാര്‍ബര്‍ എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി അപകടമുണ്ടാകുന്നത് നിര്‍മാണപ്രവര്‍ത്തിന്റെ അപാകതയാണോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴിയില്‍ അപകടങ്ങളുണ്ടാകുന്നതിന് കാരണം നിര്‍മ്മാണത്തിലെ അപാകതയാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. ഇതിനാലാണ് പഠനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ മത്സ്യത്തൊഴിലാളി സംഘടനകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണവും ഇത് തന്നെയായിരുന്നു. നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന പഠന റിപ്പോര്‍ട്ട് വന്നാലുടനെ പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും. നിലവിലെ സാഹചര്യം മന്ത്രി സജി ചെറിയാന് മുഖ്യമന്ത്രിയെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: