ജി.കെ.സുരേഷ്ബാബു
തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസില്‍ മൂന്ന് ഇസ്ലാമിക ഭീകരര്‍ക്കു കൂടി ജീവപര്യന്തവും മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും കോടതി വിധിച്ചിരിക്കുന്നു. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ നാലുലക്ഷം രൂപ പ്രൊഫ.ടി.ജെ. ജോസഫിന് നല്‍കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
കേസില്‍ രണ്ടാംഘട്ടത്തില്‍ 2015നു ശേഷം പിടിയിലായ 11 പേരുടെ വിചാരണയാണ് എന്‍ഐഎ പ്രത്യേക കോടതി പൂര്‍ത്തിയാക്കിയത്. 11 പ്രതികളില്‍ അഞ്ചുപേരെ വെറുതെ വിട്ടു. കേസിലെ രണ്ടാംപ്രതി മൂവാറ്റുപുഴ രണ്ടാര്‍ തോട്ടത്തില്കൂടി വീട്ടില്‍ സജില്‍, മൂന്നാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ എം.കെ. നാസര്‍, അഞ്ചാംപ്രതി ആലുവ കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പേരപ്പടി വീട്ടില്‍ പി.പി. മൊയ്തീന് കുഞ്ഞ് എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും ശിക്ഷിച്ചത്. ഇസ്ലാമിക ഭീകര സംഘടനയായ, നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് ഇവര്‍. കേസിലെ മുഖ്യപ്രതികളില്‍ ഒരാളും ആസൂത്രകനുമായ സാവേദ് ഇനിയും പിടിയിലായിട്ടില്ല.
കൈവെട്ട് കേസിലെ ശിക്ഷയെക്കുറിച്ച് കൂടിയെന്നോ കുറഞ്ഞന്നോ ഒരു അഭിപ്രായവും പറയാന്‍ പ്രൊഫ. ടി.ജെ ജോസഫ് തയ്യാറായില്ല. പക്ഷേ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അദ്ദേഹം ഉന്നയിച്ച ഒന്നുരണ്ട് കാര്യങ്ങളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഒന്നാമത്തെ കാര്യം കൈ വെട്ടിയ കേസിലെ സംഭവ സ്ഥലത്തെത്തിയ, അല്ലെങ്കില്‍ കൃത്യം നടത്തിയ പ്രതികള്‍ മാത്രമാണ് ഇവര്‍. ഇവരില്‍ ചിലരെങ്കിലും ശിക്ഷിക്കപ്പെട്ടു, ചിലര്‍ക്ക് കുറഞ്ഞ കാലത്തേക്ക് ശിക്ഷ ലഭിച്ചു. പക്ഷേ, ഈ സംഭവത്തിന്റെ പിന്നില്‍ ഗൂഢാലോചന നടത്തുകയും പ്രൊഫ. ജോസഫിന്റെ കൈവെട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്ത യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ ഇനിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ? യഥാര്‍ത്ഥ പ്രതികള്‍ സത്യത്തില്‍ അവരല്ലേ? പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ നേതാക്കള്‍ അറിയാതെ അവരുടെ സമ്മതമില്ലാതെ ഇത്തരമൊരു സംഭവം അരങ്ങേറില്ല എന്നകാര്യം എല്ലാവര്ക്കും അറിയാം. പക്ഷേ, അത് അറിയാത്തതും മനസ്സിലാകാത്തതും കേരള പോലീസിന് മാത്രമാണ്.
ഇസ്ലാമിന്റെ അപ്രമാദിത്വം എന്ന സങ്കല്‍പ്പത്തില്‍ മറ്റു മതക്കാരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും മനപ്പൂര്‍വം സൃഷ്ടിച്ചതാണ് കൈവെട്ട് സംഭവം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ നിന്ന് എടുത്തിട്ടുള്ള ഒരു ഖണ്ഡികയാണ് ചോദ്യക്കടലാസില് പ്രൊഫസര്‍ ജോസഫ് ഉദ്ധരിച്ചത്. മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ പേര് കണ്ട് അത് പ്രവാചകനാണ്, അത് പ്രവാചകനെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞ് മതഭീകരരെ ഇളക്കിവിട്ട് ഇത്തരത്തില്‍ അരുംകൊല ചെയ്യാന്‍ ശ്രമിച്ചവരല്ലേ സത്യത്തില്‍ യഥാര്‍ത്ഥ പ്രതികള്‍? പുസ്തകം എഴുതിയ പി.ടി. കുഞ്ഞുമുഹമ്മദിനോ പ്രസാധകനോ ഇല്ലാത്ത കുറ്റം എങ്ങനെയാണ് ജോസഫ് മാഷുടെ കയ്യില്‍ എത്തിയത്?
ഇവിടെ ഉയരുന്ന മറ്റൊരു മൗലികപ്രശ്നം മുഹമ്മദ് എന്ന പേരാണ്. ഇത് പ്രവാചകന് മാത്രം ഉള്ളതാണോ? ധാരാളം പേര്‍ക്ക് ഈ പേരുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം മുഹമ്മദ് കുഞ്ഞാണ്. ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ക്കോ കഥകള്‍ക്കോ ഒക്കെ പേര് ഉപയോഗിക്കുമ്പോള്‍ അത് തങ്ങളുടെ മതത്തിനെയും പ്രവാചകനെയും നിന്ദിക്കാനാണെന്ന് എന്തിനാണ് ഇസ്ലാമിക സമൂഹം ധരിക്കുന്നത്. ഹിന്ദു ദൈവങ്ങളായ രാമന്റെയും കൃഷ്ണന്റെയും പേര് ഏതെല്ലാം മണ്ടന്‍ കഥാപാത്രങ്ങള്‍ക്ക് നല്കി പരിഹാസ്യമാക്കിയിട്ടുണ്ട്. ഭഗവതിയുടെ വിഗ്രഹത്തിലേക്ക് കാര്‍ക്കിച്ചു തുപ്പുന്ന നിര്‍മാല്യത്തിലെ വെളിച്ചപ്പാടും ക്രൂരതയുടെ പ്രതീകമായ ഭാസ്കര പട്ടേലരും ഒന്നും മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്നു പറഞ്ഞ് ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. അതേസമയം, സ്വന്തം മതവിശ്വാസത്തിന്റെ പേരില്‍ ഇതര വിശ്വാസങ്ങളെ ഇകഴ്ത്താന്‍ സരസ്വതി ദേവിയെ നഗ്നയായി വരയ്ക്കുകയും ഹിന്ദുദേവതകളെ അപഹസിക്കുകയും ചെയ്ത എം.എഫ്. ഹുസൈനെ കേരളത്തില്‍ കൊണ്ടുവന്ന് രാജാരവിവര്‍മ്മ പുരസ്കാരം നല്‍കാനാണ് ഇടതു നേതാക്കള്‍ അന്ന് ശ്രമിച്ചത്. അതേ നേതാക്കളാണ് പ്രൊഫ.ജോസഫിനെതിരെ കാര്യമന്വേഷിക്കാതെ വസ്തുതയറിയാതെ നടപടിയെടുക്കാനും ഇസ്ലാമിക ഭീകരരുടെ മത വെറിക്ക് ഇരയാകാനുമുള്ള അവസരം ഒരുക്കിയതും.
തൊടുപുഴ കോളജ് അധികൃതരുടെയും കത്തോലിക്കാ സഭയുടെയും ഉത്തരവാദിത്വവും പരാമര്ശിക്കാതിരിക്കാന് ആവില്ല. ഒരു അധ്യാപകന് അല്ലെങ്കില്‍ സഭാ വിശ്വാസി തെറ്റ് കാണിച്ചിട്ടുണ്ടെങ്കില്‍ അയാളെ ശിക്ഷിക്കാന്‍ സഭയും മാനേജ്മെന്റും മുന്‍കൈ എടുക്കേണ്ടത് അനിവാര്യമാണ്. ബിഷപ്പ് ഫ്രാങ്കോയോടും രവിയച്ചനോടും അഭയ കേസ് പ്രതികളായ ഫാ.കോട്ടൂരിനോടും സിസ്റ്റര്‍ സ്റ്റെഫിയോടും ഒക്കെ കാട്ടിയ കാരുണ്യം എന്തുകൊണ്ട് സഭ പ്രൊഫസര്‍ ജോസഫിനോട് കാണിച്ചില്ല? കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തില്‍ നിന്ന് എടുത്ത ഒരു ഭാഗമാണ് ചോദ്യത്തിലുള്ളതെന്നും അതു മതനിന്ദ അല്ല എന്നും ഉറച്ച നിലപാട് സഭ എടുത്തിരുന്നെങ്കില്‍ പ്രൊഫസര്‍ ജോസഫിന്റെ ജീവിതം ഈ തരത്തില്‍ ആകുമായിരുന്നോ എന്നകാര്യം കത്തോലിക്കാസഭ പുനര്‍വിചിന്തനം നടത്തണം. ഇതില്‍ അക്ഷന്തവ്യമായ തെറ്റ് സഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. സഭ നടത്തിയ പ്രചാരണങ്ങളും ഇടയലേഖനങ്ങളും ജോസഫ് മാഷെ അപമാനിക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് അദ്ദേഹത്തിന്റെ ഭാര്യ സലോമിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നകാര്യം അടുപ്പമുള്ള എല്ലാവര്‍ക്കുമറിയാം. മരിച്ച ജീവന് തിരിച്ചുകൊണ്ടുവരാനാവില്ല. പക്ഷേ, പൊതുജനസമക്ഷം മാപ്പ് പറയാനും കാട്ടിയ അനാദരവിനും അവിവേകത്തിനും മാന്യമായ നഷ്ടപരിഹാരം കൊടുക്കാനുമുള്ള മര്യാദ സഭ കാട്ടണം.
ഇവിടെ ഏറ്റവും മൗലികമായ പ്രശ്നം ഭരണകൂടത്തിന്റെതാണ് ഒരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത ഭരണഘടനാനുസൃതമായി ഭരണകൂടത്തിന്റേതാണ്, സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഇസ്ലാമിക ഭീകരതയ്ക്ക് കീഴടങ്ങി അവരുടെ പിണിയാളായി ഭരണം നടത്തിയ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലേ? കോടതി പിഴത്തുകയില്‍ നിന്ന് നാലുലക്ഷം രൂപ പ്രൊഫസര്‍ ജോസഫിന് നല്കാന് നിര്‍ദ്ദേശിച്ചു. വിധിയിലെ അപ്പീലും തീരുമാനങ്ങളും ഒക്കെ വരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. പക്ഷേ, ജോസഫ് മാഷിന് മാന്യമായ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ അതിനു തയ്യാറാകണം. കരുണാകരന് സര്‍ക്കാരിന്റെ കാലത്തു നടന്ന ചാരക്കേസിന്റെ പേരില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൈ എടുത്തിട്ടാണ്. അതേ മാനദണ്ഡവും മാതൃകയും ഇക്കാര്യത്തില്‍ ബാധകമല്ലേ? പ്രൊഫസര്‍ ജോസഫ് ഒരു പാവം മനുഷ്യനാണ്. ജോസഫ് മാഷ് ഇത് ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഇസ്ലാമിക ഭീകരതക്കെതിരെ പോരാടുന്ന കാസയടക്കമുള്ള മറ്റു സംഘടനകള്‍ ഇതിനായി രംഗത്തുവരികയും വേണ്ടിവന്നാല്‍ നിയമ പോരാട്ടം നടത്തുകയും വേണം.
കൈവെട്ട് കേസിലെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെയും പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്ക് ഇതുമായുള്ള ബന്ധവും കണ്ടെത്താനും ഒരു സമഗ്ര അന്വേഷണം അനിവാര്യമാണ്. നേരത്തെ മാറാട് കൂട്ടക്കൊല അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷന് മാറാട് സംഭവത്തിലെ സാമ്പത്തിക സ്രോതസ്സും ആയുധക്കടത്തും അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണ റിപ്പോര്‍ട്ടില്‍ അടയിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതി ഇടപെടലിനെ തുടര്‍ന്നാണ് സിബിഐക്ക് വിടാന്‍ തയ്യാറായത്. കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്നം ഇതാണ്. ഇസ്ലാമിക വോട്ടുബാങ്കിനെ ഭയന്ന് ഭീകരര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും അനുവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇന്നുവരെ നടന്ന എല്ലാ വര്‍ഗീയ കലാപങ്ങളിലും ഇസ്ലാമിക ഭീകരര്‍ക്ക് അനുകൂലമായി അതതു കാലത്തെ ഭരണകക്ഷിയായ യുഡിഎഫ്-എല്‍ഡിഎഫ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. കേരളം കണ്ട ഏറ്റവും ഗുരുതരമായ വര്‍ഗീയ കലാപങ്ങളില്‍ ഒന്ന് പൂന്തുറ കലാപമായിരുന്നു. പൂന്തുറ കലാപത്തിന്റെ കാരണക്കാരന്‍ അബ്ദുല്‍ നാസര്‍ മദനിയാണെന്ന് അന്വേഷണം നടത്തിയ ജില്ലാ ജഡ്ജ് അരവിന്ദാക്ഷ മേനോന് കമ്മീഷന് സംശയലേശമില്ലാതെ കണ്ടെത്തിയിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് തുടരന്വേഷണമോ നടപടികളോ ഉണ്ടായില്ല എന്ന് മാത്രമല്ല കോയമ്പത്തൂര്‍ ബാംഗ്ലൂര്‍ സ്ഫോടനങ്ങളില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ രക്ഷിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ രംഗത്തിറങ്ങുന്നതാണ് കേരളം കണ്ടത്.
മുസ്ലീങ്ങളെയും ഹിന്ദുക്കളെയും രണ്ടു തട്ടിലാക്കി പോരടിപ്പിക്കാന് ഇറങ്ങിയ ഈ ജിഹാദി ഭീകരനെതിരെ നടപടിയെടുക്കാന്‍ തന്റേടം കാട്ടിയത് ഇ.കെ. നായനാര്‍ മാത്രമാണ്. നായനാരെ വധിക്കാന്‍ നടത്തിയ ഗൂഢാലോചന കേസ് പോലും ഇതുവരെ അന്വേഷിച്ച് പ്രതികളെ കണ്ടെത്താന്‍ ഇരട്ടചങ്കനാണെന്ന് പറയുന്ന പിണറായി വിജയന് കഴിഞ്ഞിട്ടില്ല. ഇന്ന് മദനിക്ക് വേണ്ടി യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച് കണ്ണീരൊഴുക്കുകയാണ്. മാറാട് കൂട്ടക്കൊലയും സംസ്ഥാന സര്‍ക്കാരിന്റെയും ഭരണകൂടത്തിന്റെയും വീഴ്ച തന്നെയാണ്. ആ കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ അത് സ്വയം നല്‍കിയില്ലെങ്കില്‍ അതിനുവേണ്ടി നിയമ പോരാട്ടം നടത്താന്‍ ഹിന്ദു സംഘടനകള്‍ തയ്യാറാവണം. മാറാട് കൂട്ടക്കൊലയിലും പ്രൊഫ.ജോസഫിന്റെ കാര്യത്തിലും ഉണ്ടായ വീഴ്ച കേരളത്തിലെ പൊതുസമൂഹത്തിനും പാഠമാകണം. തീര്‍ച്ചയായും അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ വിഡ്ഢികളാണ്. ഇസ്ലാമിക ഭീകരതയുടെ ആഗോളതലത്തിലുള്ള അനുഭവങ്ങള്‍ ഇനിയെങ്കിലും മലയാളിക്ക് മനസ്സിലായില്ലെങ്കില്‍ വരാന്‍ പോകുന്നത് ദുരന്തത്തിന്റെ ദിനങ്ങളായിരിക്കുമെന്ന് മറക്കണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: