മെട്രോമാനും ബിജെപി നേതാവുമായ ഇ. ശ്രീധരനെ ഇപ്പോള്‍ സിപിഎം പാളയത്തിലുള്ള കെ.വി. തോമസ് സന്ദര്‍ശിച്ചശേഷം പുതിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടുകൂടി തന്നെ വന്നു കണ്ട തോമസിനോട് കെ.റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് അനുകൂലമായി ഇ.ശ്രീധരന് സംസാരിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. മെട്രോ മാന്റെ സഹകരണത്തോടെ അധികം വൈകാതെ സില്‍വര്‍ ലൈന്‍ പദ്ധതി പുനരാരംഭിക്കുമെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കാതെയും, ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നും ഉപേക്ഷിക്കേണ്ടി വന്ന സില്‍വര്‍ലൈന്‍ വീണ്ടും വരാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന ധാരണ പരത്താന്‍ കെ.വി. തോമസും സര്‍ക്കാര്‍ വൃത്തങ്ങളും ശ്രമിച്ചതായി വേണം മനസ്സിലാക്കാന്‍. ആര് എതിര്‍ത്താലും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും പ്രഖ്യാപനവും ഭീഷണിയുമൊന്നും വിലപ്പോയില്ലല്ലോ. ഈ ജാള്യത തീര്‍ക്കാനുള്ള മറയായി ശ്രീധരന്-തോമസ് കൂടിക്കാഴ്ചയെ നന്നായി ഉപയോഗിച്ചു എന്നാണ് കരുതേണ്ടത്. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കുമ്പോള്‍ വലിയ തെറ്റിദ്ധാരണ പരത്താനാണ് സിപിഎമ്മിലെ പുത്തന്‍കുറ്റുകാരനായ തോമസ് ശ്രമിച്ചതെന്ന് വ്യക്തമാണ്.
താന്‍ വലിയ കഴിവുള്ളയാളാണെന്നും, അസാധ്യമായത് സാധ്യമാക്കാനാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങനെയെങ്കിലും ബോധ്യപ്പെടുത്തേണ്ടത് കെ.വി. തോമസിന്റെ ആവശ്യമായിരിക്കാം. നിലനില്‍പ്പിന്റെ പ്രശ്നവുമായിരിക്കാം. മുഖ്യമന്ത്രിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി നേരത്തെ ദല്‍ഹിയില്‍ നിയമിച്ചവര്‍ക്കൊന്നും അതിന് കഴിഞ്ഞില്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് കോടിക്കണക്കിന് രൂപ ഇവര്‍ക്കു നല്കിയതു മാത്രമാണ് നടന്നത്. വഴിവിട്ട രീതിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സാധിച്ചുകൊടുക്കുകയെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമല്ല. ഇത് മനസ്സിലാക്കാതെയാണ് മുന്‍ എംപി: എ. സമ്പത്തിനെയും ഐഎഎസുകാരനായിരുന്ന വേണു രാജാമണിയേയുമൊക്കെ പിണറായി സര്‍ക്കാര്‍ പ്രത്യേക പ്രതിനിധികളായി ദല്‍ഹിയില്‍ നിയമിച്ചത്. ഇവരുടെ പിന്‍ഗാമിയായി എത്തി അത്ഭുതങ്ങള്‍ കാണിക്കുമെന്നായിരുന്നു തോമസിന്റെ ഭാവം. എംപിയായും കേന്ദ്രമന്ത്രിയായുമൊക്കെ ദീര്‍ഘകാലം ദല്‍ഹി രാഷ്ട്രീയവുമായി ബന്ധമുള്ള തോമസ് വിജയിക്കുമെന്ന വിശ്വാസം പിണറായിക്കുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ വിജയം കണ്ട തോമസിന്റെ ‘തിരുത പൊളിറ്റിക്സ്’ ബിജെപിയിലും മോദി സര്‍ക്കാരിലും വിലപ്പോവില്ലെന്ന് വളരെ വൈകാതെ തന്നെ വ്യക്തമായി. ഇതേത്തുടര്‍ന്ന് താന്‍ കേമനാണെന്ന് ബോധ്യപ്പെടുത്താന്‍ തോമസ് കണ്ടുപിടിച്ച സൂത്രമാണ് ഇ.ശ്രീധരനെ സന്ദര്‍ശിക്കുകയെന്നത്. മാസംതോറും ഒരു ലക്ഷം രൂപയാണല്ലോ പാരിതോഷികമായി നികുതിപ്പണത്തില്‍നിന്ന് തോമസിന് നല്കിക്കൊണ്ടിരിക്കുന്നത്. തിന്നുന്ന ചോറിന് നന്ദി കാണിക്കണമല്ലോ.
തോമസുമായുള്ള കൂടിക്കാഴ്ചയില്‍ കെ.റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് അനുകൂലമായി ഒരു അഭിപ്രായപ്രകടനവും ഇ.ശ്രീധരന് നടത്തിയിട്ടില്ല. വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നതും, അധിക ചെലവുവരുന്നതും അഴിമതിക്ക് അവസരമൊരുക്കുന്നതുമായ സില്‍വര്‍ ലൈനിന് താന്‍ എതിരാണെന്ന് ശ്രീധരന് അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, ജനങ്ങളുടെ വലിയ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഈ പദ്ധതിക്ക് റെയില്‍വെ മന്ത്രാലയത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി ലഭിക്കില്ലെന്ന് പറയുകയും ചെയ്തു. സില്‍വര്‍ ലൈനിന് ബദലായി ഹൈസ്പീഡോ സെമി സ്പീഡോ കേരളത്തിന് ആവശ്യമാണെന്നും, ആകാശപാതയായോ ഭൂഗര്‍ഭപാതയായോ ഇത് രണ്ടും ചേര്‍ന്നോ ഈ പദ്ധതി സാധ്യമാക്കാമെന്നുമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു കുറിപ്പ് ശ്രീധരന് കൈമാറുകയും ചെയ്തു. ഇതുവച്ചുകൊണ്ടാണ് തോമസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും സമര്‍ത്ഥനായ ടെക്നോക്രാറ്റും അഴിമതിതൊട്ടുതെറിക്കാത്തയാളെന്ന നിലയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുമുള്ള ശ്രീധരന്റെ പേര് ദുരുപയോഗിക്കുകയാണ് തോമസ് ചെയ്തത്. സംസ്ഥാനത്തിന്റെ വികസനമല്ല, അഴിമതി ലക്ഷ്യം വച്ചാണ് പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ എന്ന ആഡംബര പദ്ധതി കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് പകല്‍പോലെ വ്യക്തമാണ്. പദ്ധതി നടപ്പാക്കാനായില്ലെങ്കിലും ഡിപിആര്‍, പരിസ്ഥിതി പഠനം, സര്‍വെ, കല്ലിടല്‍ എന്നിങ്ങനെ പലതിന്റെ വകയില്‍ 50 കോടിയോളം രൂപ ചെലവിടുകയും ചെയ്തു. ഇതുതന്നെ ഒരു അഴിമതിയാണ്. ശ്രീധരന്റെ നിര്‍ദേശം മറ്റൊരു പദ്ധതിയാണെങ്കിലും അതില്‍ അഴിമതിക്കുള്ള സാധ്യതയുണ്ടോ എന്നാണ് പിണറായി സര്‍ക്കാര്‍ നോക്കുന്നത്. അഴിമതിക്കുള്ള വകുപ്പുണ്ടെന്ന് തോമസ് ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടാവാം. അഴിമതി വിരുദ്ധമായ ഒരു കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ഇതൊന്നും നടക്കാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: