കര്‍ക്കടകം മലയാളികള്‍ക്ക് രാമായണ മാസമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ വരികള്‍ മന്ദ്രമനോഹരമായി മുഴങ്ങുന്ന ദിനങ്ങള്‍. പാടിയും പറഞ്ഞും എത്രയോ വട്ടം കേട്ടിട്ടും മതിവരുന്നില്ല!
‘കാകുല്‍സ്ഥ ലീലകള്‍ കേട്ടാല്‍ മതിവരാ’ എന്ന വരികള്‍ എഴുത്തച്ഛന്റെ രാമായണ കാവ്യത്തിനും ചേരും. കാവ്യഗുണം മാത്രമല്ല, സാര്‍ഥകവും സംതൃപ്തവുമായ ജീവിതം നയിക്കാനുതകുന്ന പാഠങ്ങളും രാമായണത്തെ മഹത്തരമാക്കുന്നു. ജ്ഞാനാന്വേഷികള്‍ക്ക് അതൊരു അക്ഷയഖനിയാണെങ്കില്‍, ജീവിത യാഥാര്‍ഥ്യങ്ങള്‍ അലട്ടുന്ന സാധാരണക്കാര്‍ക്ക് അത് അഭയകേന്ദ്രമാണ്.
കര്‍ക്കടക മാസത്തില്‍ രാമായണം പാരായണം ചെയ്ത്, ആത്മശാന്തിയും ആത്മവിശ്വാസവും തേടുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. വിപണന സംസ്കാരത്തിന്റെ ഭാഗമായ യാന്ത്രിക വിനോദങ്ങളില്‍ നിന്നും ആഡംബരങ്ങളില്‍ നിന്നും കിട്ടാത്ത എന്തോ, രാമായണ പാരായണത്തിലൂടെ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് അതിനര്‍ഥം. വീടുകളില്‍ മുതിര്‍ന്നവര്‍ രാമായണം വായിക്കുകയും കുട്ടികള്‍ കേട്ടിരിക്കുകയും സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്തിരുന്ന കാലം പഴമക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. നന്മകളും മൂല്യങ്ങളും പുതുതലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്ന ആ മഹത്തായ ശീലം തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ പല കോണുകളില്‍ നിന്നും ഉണ്ടാകുന്നുവെന്നത് ശ്ലാഘനീയമാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്നേഹവും വിശ്വാസവും വളര്‍ന്ന് കുടുംബത്തിന്റെ കെട്ടുറപ്പ് കൂടുതല്‍ ശക്തമാന് ഇത് സഹായകമാകും.
ജീവിതം സുഖദുഃഖ സമ്മിശ്രമാണ്.
‘ലോകേ സുഖാനന്തരം ദുഃഖമായ് വരു
മാകുലമില്ല ദുഃഖാനന്തരം സുഖം
നൂനം ദിനരാത്രി പോലെ ഗതാഗതം’
പകലും രാത്രിയും പോലെ സുഖുദുഃഖങ്ങള് മാറിമാറി വരും. ദുഃഖങ്ങളിലും പ്രതിസന്ധികളിലും തളരുകയോ, തകരുകയോ, ചെയ്യാതെ ജീവിതയാത്ര തുടരാനുള്ള ശക്തിയും പ്രചോദനവും നേടേണ്ടതെങ്ങനെയെന്ന് രാമായണം പഠിപ്പിക്കുന്നു.
ശ്രേഷ്ഠമായ കുടുംബസങ്കല്പം മൂല്യങ്ങളില്‍ അധിഷ്ഠിതമാണ്. കുടുംബ സംസ്കാരത്തിന്റെ സവിശേഷതകളെല്ലാം ദശരഥന്റെ കുടുംബത്തില്‍ കാണാം. സ്നേഹം, വാത്സല്യം, വിശ്വാസം, ത്യാഗം, പരോപകാരതല്പരത, ഗുരുപൂജനം തുടങ്ങിയവ ആ കുടുംബത്തില്‍ ഒളിവിതറുന്നു. ബന്ധുക്കളോടും ഗുരുനാഥന്മാരോടും ചേര്‍ന്ന് സന്തുഷ്ടരായി കഴിയുന്ന രാമലക്ഷ്മണാദികള്‍ അവിടെ ധര്മശാസ്ത്രാദി പുരാണേതിഹാസങ്ങള്‍ കേട്ടാണു വളരുന്നത്. ധര്മത്തില് നിന്ന് വ്യതിചലിക്കാതിരിക്കാന്‍ പുരാണേതിഹാസ പഠനങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് സഹായകമാകുമെന്ന യാഥാര്‍ഥ്യമാണ് ഇവിടെ രാമായണ കര്‍ത്താവ് ഓര്‍മിപ്പിക്കുന്നത്. വന്ദിക്കേണ്ടവരെ വന്ദിക്കുകയും പൂജിക്കേണ്ടവരെ പൂജിക്കുകയും ചെയ്യുക എന്നത് രാമായണം നിര്‍ദേശിക്കുന്ന ‘ഗുണപാഠ’ങ്ങളില്‍ ഒന്നാണ്. പ്രായം ചെന്നവരെ മാത്രമല്ല, തന്നില്‍ മൂത്തവരെയെല്ലാം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന നല്ലശീലത്തിന്റെ സമഗ്ര ചിത്രണം രാമായണത്തില്‍ പലേടേത്തും കാണാം.
രാമലക്ഷ്മണന്മാരും വന്ദിച്ചു പിതാവിനെ
‘സാമോദം വസിഷ്ഠനാമാചാര്യ പാദാബ്ജവും
തൊഴുതു മാതൃജനങ്ങളെയും യഥാക്രമം
തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാര്‍
തൊഴുതു ഭരതനെ ലക്ഷ്മണ കുമാരനും
തൊഴുതു ശത്രുഘ്നനും ലക്ഷ്മണ പാദാംഭോജം’
അനുപമമായ ഈ സാഹോദര്യം, കുടുംബബന്ധങ്ങള്‍ക്ക് വിലകല്പിക്കുന്ന ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക ! ഈ സഹോദരന്മാര് ഓരോരുത്തരും ഇതരര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന് അവരുടെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും തെളിയുന്നു. അവര്‍ക്കിടയിലെ ആത്മബന്ധം അത്രയ്ക്ക് ദാര്ഢ്യമേറിയതാണ്. വനത്തിലേക്ക് ശ്രീരാമനെ അനുഗമിക്കാന്‍ ലക്ഷ്മണനും വനത്തിലെത്തിയ ശ്രീരാമനെ തിരിച്ചു വിളിക്കാന്‍ ഭരതനും പ്രേരകമായത് അമൂല്യമായ സഹോദര സ്നേഹം തന്നെ. ആ സ്നേഹം ത്യാഗത്തിന്റെ തലത്തിലേയ്ക്കുയരുന്നതും കാണാം. ശ്രീരാമനൊപ്പം യാത്രയ്ക്കൊരുങ്ങുന്ന ലക്ഷ്മണനെ അമ്മ സുമിത്ര ഓര്‍മിപ്പിക്കുന്നത് ഇത്രമാത്രം:
‘അഗ്രജന് തന്നെ പരിചരിച്ചെപ്പൊഴു
മഗ്രേ നടന്നുകൊള്ളേണം പിരിയാതെ
രാമനെ നിത്യം ദശരഥനെന്നുള്ളി
ലാമോദമോടെ വിചാരിച്ചു കൊള്ളണം’
ഈ വരികളില്‍ സാഹോദര്യത്തിന്റെയും മാതൃപിതൃഭക്തിയുടെയും അത്യുദാത്ത ഭാവം കാണാം. സഹോദരന്മാരായ ജടായുവും സമ്പാതിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വികാരഭരിതമായ ചിത്രീകരണവും രാമായണത്തിലുണ്ട്. സീതാന്വേഷണത്തിനിടയില്‍ മഹേന്ദ്രാചലത്തിനു സമീപമെത്തിയ വാനരന്മാരില് നിന്ന് ‘ജടായു’ എന്ന പേരു കേട്ടപ്പോള്‍ സമ്പാതിക്കുണ്ടായ സന്തോഷം വഴിഞ്ഞൊഴുകുന്ന വരികള്‍ നോക്കൂ:
‘കര്‍ണപീയൂഷ സമാനമാം വാക്കുകള്‍
ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ?’
രാമായണത്തിലെ ഇത്തരം സന്ദര്‍ഭങ്ങളില്‍ തെളിഞ്ഞു വരുന്നത് മഹത്തായ കുടുംബ സംസ്കാരത്തിന്റെ സമഗ്രചിത്രമാണ്. സ്നേഹവും ത്യാഗവും ആ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. സ്നേഹം കൊണ്ടെന്ന പോലെ ത്യാഗം കൊണ്ടും കുടുംബൈക്യം നിലനിര്‍ത്താന്‍ ശ്രീരാമന് മടിച്ചില്ല. പിതാവ് തനിക്ക് രാജ്യം നിഷേധിച്ചപ്പോള്‍ രാമന് കോപാകുലനായില്ല. എന്നാല്‍ മറ്റെല്ലാവര്‍ക്കും കടുത്ത ദുഃഖവും രോഷവുമുണ്ടായി. എന്തും സംഭവിച്ചേക്കാവുന്ന ആ സ്ഥിതിവിശേഷത്തെ രാമന് നേരിട്ടത് ത്യാഗമനസ്ഥിതി കൊണ്ടാണ്. പിതാവിന്റെ ഹിതം മാനിക്കലാണ് തനിക്ക് രാജാധികാരത്തേക്കാള്‍ വലുതെന്ന് രാമന് തീര്‍ത്തു പറഞ്ഞപ്പോള്‍, കുടുംബത്തെ തകര്‍ക്കുമായിരുന്ന സംഘര്‍ഷം അലിഞ്ഞില്ലാതായി. ശ്രീരാമന്റെ ത്യാഗം ജീവിതയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനും കൂടുതല്‍ സാര്‍ഥകമായ ജീവിതം നയിക്കാനും കുടുംബാംഗങ്ങള്‍ക്കു പ്രേരകമാകുകയും ചെയ്തു.
എന്തൊക്കെ വിപത്തുകളുണ്ടാക്കുമെന്ന് രാമന് ലക്ഷ്മണനെ ഓര്‍മിപ്പിക്കുന്നുണ്ട്.
‘മാതാപിതാഭ്രാതൃമിത്ര സഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്
ക്രോധമല്ലോ നിജധര്‍മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം’
നന്മകള് പലരും വാക്കുകളിലൊതുക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിമോഹങ്ങളും സ്വാര്‍ഥതയും കുടുംബങ്ങളില്‍ അനൈക്യവും അസ്വസ്ഥതയും വളര്‍ത്തുന്നു. നിസ്സാരകാരണങ്ങളാല്‍ പ്രകോപിതരായി ചിലര്‍ അമ്മയെയും അച്ഛനെയും സഹോദരനെയും കൊല്ലുന്ന വാര്‍ത്തകള്‍ സാധാരണമായിരിക്കുന്നു. മൂല്യങ്ങളില്‍ നിന്നകലുന്തോറും നാശമേറും. മൂല്യങ്ങളുടെ ആദ്യ പാഠശാല കുടുംബമാണെന്ന് രാമായണം ഓര്‍മിപ്പിക്കുന്നു. ധന്യമായ ആ കുടുംബസംസ്കാരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും രാമായണപാരായണവും മാസാചരണവും പ്രേരകമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: