തിരുവനന്തപുരം: കൂട്ടുകാരന്റെ രൂപം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ ശേഷം വീഡിയോ കാള്‍ വഴി പണം ചോദിച്ചുള്ള തട്ടിപ്പ് വ്യാപകമാകുമെന്ന് പൊലീസ് മുന്നറിയിപ്പ്. തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയാല്‍ ഉടന്‍ ബന്ധപ്പെടേണ്ട ഹെല്പ് ലൈന്‍ നമ്പര്‍ സൈബര്‍ പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു- 1930.
സഹപ്രവര്‍ത്തകന്റെ രൂപം എഐ സഹായത്തോടെ ഉണ്ടാക്കിയ ശേഷം വീഡിയോ കാള്‍ ചെയ്തുള്ള ആദ്യത്തെ പണം തട്ടല്‍ കോഴിക്കോട് നിന്നും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശി പി.എസ്. രാധാകൃഷ്ണനില്‍ നിന്നും തട്ടിയത് 40000 രൂപയാണ്. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിയെടുത്ത ഈ പണം സൈബര്‍ പൊലീസ് തിരിച്ചുപിടിച്ചു.
കേരളത്തിലെ എഐ ഉപയോഗിച്ചുള്ള ആദ്യത്തെ തട്ടിപ്പാണ് ഇതെന്ന് പൊലീസ് പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ വൈകാതെ കേരളത്തില്‍ വ്യാപകമാവാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു.
എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം?
പരിചയമില്ലാത്ത നമ്പറില്‍ നിന്നും പരിചയക്കാരന്റെ രൂപത്തില്‍ വിളിച്ച് സാമ്പത്തികസഹായം ചോദിച്ചാല്‍ ഉടന്‍ പണം നല്‍കരുതെന്ന് പൊലീസ് പറഞ്ഞു. ഈ നമ്പറില്‍ തിരിച്ചുവിളിച്ച് അത് ആരാണെന്ന് ഉറപ്പുവരുത്തണം. അതുമല്ലെങ്കില്‍ വീഡിയോ കാളില്‍ കാണുന്ന കൂട്ടുകാരന്റെ നമ്പറില്‍ നേരിട്ട് വിളിച്ച് ഇങ്ങിനെ ഒരു അത്യാവശ്യമുണ്ടായിരുന്നോ എന്നും ചോദിച്ച് ഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: