കൊച്ചി: മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും കെസിഎ അപെക്സ് കൗണ്‍സില്‍ അംഗവുമായ കെ.ജയരാമന് (ജയറാം-67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
എണ്‍പതുകളില്‍ കേരള രഞ്ജി ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു വലംകൈയന്‍ ബാറ്റര്‍ കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായിരുന്നു. 1986-87 സീസണ് രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയിരുന്നു. കര്‍ണാടക, ഗോവ, തമിഴ്നാട് തുടങ്ങിയ മുന്‍നിര ടീമുകള്‍ക്ക് എതിരെയായിരുന്നു സെഞ്ചുറി നേട്ടം. തുടര്‍ച്ചയായി നാല് ശതകങ്ങള്‍ ജയറാമിനെ ദേശീയ ശ്രദ്ധയിലേക്കെത്തിച്ചെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ല. കേരളത്തിന്റെ സീനിയര്‍, ജൂനിയര്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്നു.
1977നും 1989നും ഇടയില്‍ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. 5 സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയുമടക്കം 2358 റണ്‍സും നേടി ഒരു വിക്കറ്റും നേടി. 133 ആണ് ഉയര്‍ന്ന സ്കോര്‍. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്.
വിരമിച്ചതിന് ശേഷം വര്‍ഷങ്ങളോളം കേരള ടീമിന്റെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ചു. കേരള രഞ്ജി ടീമിനൊപ്പം അണ്ടര്‍ 22, അണ്ടര്‍ 25 ടീമുകളുടെ മുഖ്യ സെലക്ടറായിരുന്നു. ദേശീയ ജൂനിയര്‍ സെലക്ഷന് കമ്മിറ്റി അംഗവുമായിരുന്നു. 2010ല്‍ ബിസിസിഐ മാച്ച് റഫറിയുമായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു.
ഭാര്യ രമ ജയരാമന്, മകന് അഭയ് ജയരാമന്. മൃതദേഹം ഇന്ന് വൈകിട്ട് നാലുമണി മുതല്‍ ദിവാന്‍സ് റോഡിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. നാളെ ഉച്ചക്ക് 2.30ന് രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: