പാലക്കാട്: പി.ടി. സെവന് വലതു കണ്ണിനേരിയ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് അധികൃതര്‍. നേരിയ കാഴ്ചക്കുറവ് മാത്രമാണുള്ളത്. ഇത് ആനയെ പിടികൂടുന്ന സമയത്ത് തന്നെ ഉണ്ടായിരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.
ഇടതുകണ്ണിന് കാഴ്ചക്കുറവുണ്ടെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സക്കറിയ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് തുള്ളിമരുന്നടക്കമുള്ള ചികിത്സ നല്‍കുകയും ചെയ്തിരുന്നു. പിടികൂടുന്നതിന് മുമ്പ് തന്നെ മുറിവുകള്‍ പറ്റിയതിനാലാവാം കാഴ്ചക്കുറവിന് കാരണം. പിടികൂടന്നതില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ആനയുടെ കാഴ്ചയെന്നാണ് വെറ്ററിനറി സര്ജന്മാരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഹൈക്കോടതി നിയോഗിച്ച സംഘം ധോണിയെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ഇതിനിടയിലാണ് ആനക്ക് കാഴ് നഷ്ടപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. പി.എം. രണ്ട്, പി.ടി. ഏഴ് എന്നീ ആനകളെ തുറന്ന് വിടണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരിശോധനക്കായി സംഘത്തെ നിയോഗിച്ചത്.
വിദഗ്ധ സംഘം കാഴ്ചക്കുറവുള്പ്പടെയുള്ള വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവും പി.എം രണ്ടിന്റെയും പി.ടി ഏഴാമെന്റെയും ഭാവി തീരുമാനിക്കുക. നിലവില്‍ പപ്പാന്മാരോട് പൂര്‍ണമായും ഇണങ്ങിയ ആന എല്ലാ നിര്‍ദേശങ്ങളും അനുസരിക്കുന്നുണ്ട്. കുങ്കിയാനയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനുള്ള പരിശീലനം നല്കുന്നതിനിടക്കമുള്ള യാതൊരു തീരുമാനവും വനംവകുപ്പ് കൈകൊണ്ടിട്ടില്ല.
ധോണി മേഖലയില്‍ നിത്യ ശല്യക്കാരനായിരുന്ന 20 വയസ് പ്രായമുള്ള കാട്ടാനയെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ജനുവരി 22ന് മയക്കുവെടിവെച്ച് കൂട്ടിലടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: