അബുദാബി : ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യുഎഇയില്‍ എത്തി. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആചാരപരമായുള്ള വന്‍ സ്വീകരണമാണ് അബുദാബി വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ നിര്‍ണായക വിഷയങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് സൂചന. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാര്‍ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സന്ദര്‍ശനം നിര്‍ണായകമാവും. ഇക്കാര്യത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചേക്കും.
ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരു രാഷ്ട്രത്തലവന്മാരും വിലയിരുത്തും. ദല്‍ഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയില്‍ തുടങ്ങുന്നതാണ് രൂപ വിനിമയത്തിന് പുറമെ മറ്റൊരു പ്രധാന വിഷയം. ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിക്കും. വൈകിട്ടോടെ മോദി ഇന്ത്യയിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: