തൃശൂര്‍: സോളാര്‍ പവര്‍ സിസ്റ്റം സ്ഥാപിച്ചു നല്‍കാമെന്നേറ്റ് സംഖ്യ കൈപ്പറ്റി അപ്രകാരം പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി. ചെറുതുരുത്തി സന കളക്ഷന്‍സ് ഉടമ അക്ബര്‍ കെ.എം. ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് പാലക്കാടുള്ള ഓക്സ് ബെന്‍ സോളാര്‍ സൊലൂഷന്‍സിന്റെ മാനേജിങ്ങ് പാര്‍ട്ണര്‍ക്കെതിരെ വിധിയായത്.
സോളാര്‍ പവര്‍ സിസ്റ്റം സ്ഥാപിച്ചു നല്‍കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. അതില്‍ 1,80,000 രൂപ കൈപ്പറ്റി. വൈദ്യുതി ബോര്‍ഡില്‍ നിന്നും അനുമതി വാങ്ങി ഉടന്‍ പണികള്‍ പൂര്‍ത്തിയാക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അനുമതി ലഭിച്ചിട്ടും പണികള്‍ നിര്‍വ്വഹിച്ചില്ല. സ്റ്റീല്‍ സ്റ്റാന്‍ഡ്, എര്‍ത്ത് പൈപ്പ് എന്നിവ സ്ഥാപിക്കുകയല്ലാതെ യാതൊന്നും ചെയ്തില്ല. തുടര്‍ന്ന് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച കമ്മീഷന് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് തെളിവുകള്‍ പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു, മെമ്പര്‍മാരായ ശ്രീജ എസ്., ആര്.റാംമോഹന് എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്ജിക്കാരന് 1,80,000 രൂപയും 2019 ജൂലൈ 23 മുതല്‍ 9 % പലിശയും നഷ്ടപരിഹാരമായി 15,000 രൂപയും നല്കാന് വിധിക്കുകയായിരുന്നു. ഹര്ജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: