പാലക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് വികസന സമിതി ആര്‍ഡിഒക്കും ട്രാഫിക്കിനും നിര്‍ദേശം നല്കി. കാണിക്കമാതാ സ്കൂളിന് സമീപം ഗതാഗത പ്രശ്നം രൂക്ഷമാണ്. അതിനാല്‍ വളപ്പിനകത്തുനിന്ന് കുട്ടികളെ കയറ്റിക്കൊണ്ടുപോകണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആര്‍ഡിഒ ആവശ്യപ്പെട്ടു. ഇവിടെ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ട്രാഫിക് പോലീസിനെ നിയമിക്കണമെന്നും ആവശ്യമുയര്‍ന്നു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്തുള്ള ബേക്കറിയുടെ പിന്‍വശത്ത് വേനല്‍കാലത്തും മഴക്കാലത്തും വെള്ളക്കെട്ട് ഉണ്ടാവുന്നത് പരിഹരിക്കുന്നതിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി നഗരസഭ പ്രതിനിധി സമിതി പറഞ്ഞു.
മലമ്പുഴ രണ്ട് വില്ലേജ് പരിധിയിലുള്ള അംബേദ്കര്‍ കോളനിയിലെ 10 പട്ടികജാതി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. ഇവിടെ കുടിയിരിപ്പുള്ള മൂന്നുപേരുടെ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ നല്‍കിയിട്ടുണ്ടെന്നും എസ്സി വകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്ത് കൊടുക്കണമെന്ന അപേക്ഷ വകുപ്പില്‍നിന്നും വാങ്ങിച്ചശേഷം പ്ലോട്ട് ചെയ്ത് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും തഹസില്‍ദാര്‍ (ഭൂരേഖ) യോഗത്തില്‍ അറിയിച്ചു.
മുണ്ടൂര്‍ ചുങ്കം ജങ്ഷനില്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എന്‍എച്ച് അതോറിറ്റിക്ക് കത്ത് നല്‍കും. പൂടൂര്‍ റോഡില്‍ പിരായിരി ഭാഗത്ത് നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്നത് പരിഹരിക്കാന്‍ കൊടുന്തിരപ്പുള്ളി – വെണ്ണക്കര സബ്സ്റ്റേഷന് കനാല്‍ റോഡ് വീതികൂട്ടി ബൈപ്പാസാക്കുന്നത് പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നു. കനാല്‍ റോഡിലെ കൈയേറ്റം ഒഴിവാക്കുന്നതിന് സ്ഥലപരിശോധന നടത്തി ഭൂരേഖ തയാറാക്കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി.
വി.കെ. ശ്രീകണ്ഠന് എംപിയുടെ പ്രതിനിധി പ്രകാശ് കാഴ്ചപ്പറമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്, ആര്‍ഡിഒ: ഡി. അമൃതവല്ലി, പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്, ഭൂരേഖ തഹസില്‍ദാര്‍ വി. സുധാകരന്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: