കുമരകം: ഓണത്തിന് മുറം നിറയുമോ അതോ നനയുമോ എന്ന ആശങ്കയിലാണ് ജില്ലയിലെ കര്‍ഷകര്‍. മലയാളിക്ക് ഓണം ആഘോഷിക്കാന്‍ വിഷ രഹിത പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയെ മഴ ചതിക്കുമോ എന്ന ചിന്തയിലാണ് കൃഷി നടത്താനൊരുങ്ങുന്നവര്‍. കാലാവസ്ഥാ വ്യതിയാനവും മഴയുടെ ഏറ്റക്കുറച്ചിലുമാണ് പ്രധാന വില്ലന്‍. മഴ തത്കാലത്തേക്ക് മാറി നില്‍ക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മഴ പ്രവചിക്കുന്നുണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തമായാല്‍ അത് പച്ചക്കറികളുടെ ഗുണമേന്മയേയും ബാധിക്കും. ഓഗസ്റ്റ് അവസാന വാരമാണ് ഓണം. എന്നാല്‍ പലയിടങ്ങളും കനത്ത മഴമൂലം കൃഷി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളാണ് ഇതിന്റെ ഭാഗമായി വിതരണം നടത്തിയത്. കൂടാതെ ഏഴു ലക്ഷം തൈകളും കൃഷി ഭവനുകളിലൂടെ വിതരണം ചെയ്യും.
കുറവിലങ്ങാട് കോഴ ജില്ലാ കൃഷിത്തോട്ടം, കുമരകം കൃഷി വിജ്ഞാന കേന്ദ്രം, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളം എന്നിവയുടെ നേതൃത്വത്തിലാണ് വിത്തും തൈകളും തയ്യാറാക്കിയത്. വെണ്ട, അച്ചിങ്ങ പയര്‍, വഴുതന, ചീര, പച്ചമുളക്, തക്കാളി, പടവലം തുടങ്ങിയവയുടെ വിത്തുകളാണ് പായ്ക്കറ്റുകളില്‍ ഉള്ളത്. വിത്തു പായ്ക്കറ്റുകള്‍ ഏറെക്കുറെ വിതരണം നടത്തിയെങ്കിലും മഴ കാരണം പല സ്ഥലങ്ങളിലും കൃഷി തുടങ്ങിയിട്ടില്ല.
കുമരകം കൃഷി ഭവനില്‍ 3000 പായ്ക്കറ്റ് കൃഷി വിത്തു ലഭിച്ചതില്‍ 2000 ലധികം വിതരണം ചെയ്തു. വിത്തുപാകിയതില്‍ ഏറെയും വെള്ളത്തിലായി. വളര്‍ച്ചക്കുറവ്, ചീയല്‍ രോഗം എന്നിവ കൃഷിയെ ബാധിക്കാം. അങ്ങനെയെങ്കില്‍ വേണ്ടത്ര വിളവെടുപ്പ് സാധ്യമാവില്ല.
മഴയും വെള്ളപ്പൊക്കവും തുടര്‍ന്നാല്‍ ഇക്കുറി മുറത്തില്‍ പച്ചക്കറി നിറയില്ല. കാലാവസ്ഥാ വ്യതിയാനവും വളത്തിന്റേയും കീടനാശിനികളുടേയും വില വര്‍ധനവും, ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കാത്ത അവസ്ഥയുമെല്ലാം കര്‍ഷകരില്‍ കൃഷിയോടുള്ള താല്പര്യം ഇല്ലാതാക്കുന്നു. ഏത് വിശേഷാവസരങ്ങളിലും മറ്റ് സംസ്ഥാനങ്ങളെയാണ് പച്ചക്കറിക്കായി കേരളം ആശ്രയിക്കുന്നത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചിരിക്കുന്നത് കാര്‍ഷിക മേഖലയിലാണ്. പച്ചക്കറി വിലയില്‍ വന്‍ കുതിപ്പാണ് അനുദിനം ഉണ്ടാകുന്നത്. സ്വന്തമായി കൃഷി ചെയ്യുന്നതിന് മലയാളി നിര്‍ബന്ധിതമാകുന്നതും ഇതിനാലാണ്.
പച്ചക്കറി ഉല്പാദനത്തില് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി 202324 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുവാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകള്‍ വഴി സൗജന്യമായി നല്കുന്നു. കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍, വിദ്യാര്‍ഥികള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പൊതുസമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: