മണ്ണാര്‍ക്കാട്: മാജിക്കില്‍ വിസ്മയം തീര്‍ക്കുകയാണ് വല്ലപ്പുഴ എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഒ.പി. അഭിനന്ദ്. വല്ലപ്പുഴ വിസ്മയ കലാ ക്രേന്ദ്രത്തില്‍ ആറുമാസം മാത്രം മാജിക് അഭ്യസിച്ചാണ് അഭിനന്ദ് കൊച്ചുമാന്ത്രികന് കാണികളെ അത്ഭുതപ്പെടുത്തുന്നത്. വിവിധ വേദികളില്‍ ഈ കൊച്ചുമാന്ത്രികന്റെ കലാപ്രകടനം കൈയടികള്‍ നേടിയിട്ടുണ്ട്.
ഈവര്‍ഷം പട്ടാമ്പി എസ്എന്‍ജിഎസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഓള് കേരള ജൂനിയര്‍ കോമ്പിറ്റേഷന് മത്സരത്തില്‍ പങ്കെടുത്ത് ഈ കൊച്ചുകലാകാരന് മികച്ച പ്രകടനം കാഴ്ചവെച്ചു. പാലക്കാട് നടന്ന ആള് കേരള മാജിക്ക് കണ്വെന്ഷന് 2023ല്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന് അംഗീകാരവും ലഭിച്ചിട്ടുണ്ട്.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൃശൂര്‍ പൂരം എക്സിബിഷനില്‍ മാജിക്ക് കാണാനിടയായ അഭിനന്ദ് അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ഈ കല അഭ്യസിക്കാന്‍ താല്പര്യമെടുത്തതെന്ന് അമ്മയും മോളൂര്‍ നോര്‍ത്ത് സ്കൂളിലെ അധ്യാപികയുമായ ഇ.എം. സൗമ്യ ‘ജന്മഭൂമി’യോട് പറഞ്ഞു. മകന് മാജിക്കിനോടുള്ള അതിയായ ആഗ്രഹം കണക്കിലെടുത്ത് വല്ലപ്പുഴ വിസ്മയ കലാകേന്ദ്രത്തില്‍ പഠിക്കുന്നതിനു വേണ്ടി ചേര്‍ക്കുകയായിരുന്നു. ചിത്രകലാകാരനും മജീഷ്യനുമായ സലാമാഷാണ് സ്കൂളിലെ ഗുരുനാഥന്. കൂടുതല്‍ സമയം ഉപയോഗിച്ചിട്ടുള്ള മാജിക് പെര്‍ഫോമന്‍സിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് അഭിനന്ദ്. ലളിത ഗാനം, കാവ്യാലാപനം, ബ്രേക്ക് ഡാന്‍സ്, വയലിന്, വായ്പാട്ട് എന്നിവയിലും പ്രാവിണ്യം നേടി കൊണ്ടിരിക്കുന്നു. അടുത്തവര്‍ഷം നടക്കുന്ന വാഴക്കുന്നം മാന്ത്രിക കണ്‍വെന്‍ഷനില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിനന്ദ്. പല ക്ലബുകളിലും, വിദ്യാലയങ്ങളില്‍ നിന്നും മാജിക് അവതരിപ്പിക്കാന്‍ ക്ഷണം വന്നുകൊണ്ടിരിക്കുന്നുണ്ട്.
നാട്ടക്കുറുഞ്ഞി രാഗത്തില്‍ ഭരതനാട്യം വര്‍ണം ആടിത്തിമിര്‍ത്ത് വേള്‍ഡ് റെക്കോഡ് /ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് / ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടംപിടിച്ച് പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഒ.പി. അനിഷയാണ് സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: