തൃശൂര്‍ : കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷെറി ഐസക്കിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഡിഎംഇയ്ക്ക് പരാതി നല്‍കിയിട്ടും ആരും നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ചികിത്സയ്ക്കായി കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ഡോ. ഷെറിക്കെതിരെ കേസെടുത്തത്.
പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് എല്ലുരോഗ വിഭാഗം സര്‍ജനാണ് ഡോ. ഷെറി ഐസക്. ഭാര്യയുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ഇയാള്‍. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ ഷെറി ശസ്ത്രക്രിയക്ക് നടത്തിയില്ല. ഒടുവില്‍ ഓട്ടുപാറയില്‍ താന്‍ ഇരിക്കുന്ന ക്ലിനിക്കിലെത്തി 3000 രൂപ നല്കിയാല് ശസ്ത്രക്രിയയ്ക്ക് തീയതി നല്‍കാമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.
ഇത് വിജിലന്‍സില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് കൊടുത്തയച്ചു. പിന്നാലെ വിജിലന്‍സ് എത്തി ഡോ. ഷെറിയെ പിടികൂടുകയായിരുന്നു. ചികിത്സയ്ക്കായി 3500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് ചാലക്കുടി സ്വദേശി കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ഷെറിക്കെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണവും നടത്തി, പരാതിയില്‍ കഴമ്പുണ്ടെന്ന് മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടും നല്കി. എന്നിട്ടും ഡിഎംഒയുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല.
അതേസമയം ഡോ. ഷെറിയുടെ വീട്ടില്‍ ഇഡി നടത്തിയ അന്വേഷണത്തില്‍ 15 ലക്ഷം രൂപ രൂപയില്‍ അധികം പിടിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ വിജിലന്‍സ് ഇതുസംബന്ധിച്ച് ഇഡിയേയും അറിയിച്ചേക്കും. അഞ്ച് ലക്ഷത്തിന് മുകളില്‍ പിടിച്ചെടുത്താല്‍ ഇഡിയെ അറിയിക്കണമെന്നതാണ് ചട്ടം. ഒപ്പം വിജിലന്‍സ് സ്പെഷ്യല്‍ സെല്ലും അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: