ബാങ്കോക്ക്: ലോക കായികവേദിയിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സമീപകാല ഇന്ത്യയുടെ ശക്ത സാന്നിധ്യമായ നീരജ് ചോപ്രയും ആവിനാശ് സാബ്ലെയും ഇല്ലാതെ ഇന്ത്യ ഇന്ന് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പിനിറങ്ങും. അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള പരിശീലനത്തിന് വിദേശത്തായതിനാലാണ് ജാവലിന്‍ ത്രോ താരം നീരജിനും സ്റ്റീപ്പിള്‍ ചെയ്സ് താരം ആവിനാശിനും പങ്കെടുക്കാനാവാത്തത്. ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് തായ്ലാന്‍ഡിലെ ബാങ്കോക്കിലാണ് ഇത്തവണത്തെ ഏഷ്യന്‍ അത്ലറ്റിക്സ് നടക്കുക.
ഏഷ്യയിലെ ഏറ്റവും വലിയ അത്ലറ്റിക്സ് മേളയുടെ 25-ാം പതിപ്പാണിത്. ഇന്ത്യന്‍ സംഘത്തില്‍ മുന്‍ നിരയിലുള്ളത് സമീപകാലത്ത് നടന്ന ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ മികവ് കാട്ടിയ തജീന്ദര്‍ പാല് സിങ്ങ് ടൂര്‍, ജ്യോതി യറാജി എന്നിവരാണ്. മെയില്‍ റാഞ്ചിയില്‍ നടന്ന ഫെഡറേഷന് കപ്പിലെ പ്രകടനത്തിലൂടെ ഏഷ്യന്‍ ഗെയിംസ് യോഗ്യത ഉറപ്പിച്ച താരമാണ് തജീന്ദര്‍ പാല്. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദേശീയ റെക്കോഡ് താരമാണ് ഇദ്ദേഹം. നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ 12.89 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോഡ് നേട്ടത്തോടെയാണ് യറാജി ഏഷ്യന്‍ അത്ലറ്റിക്സിനെത്തുന്നത്.
ലോങ് ജംപില്‍ പ്രതീക്ഷാ താരമാകുകയാണ് മലയാളി താരം മുരളി ശ്രീശങ്കര്‍. കഴിഞ്ഞയാഴ്ച നടന്ന നാഷണല്‍സില്‍ താരം തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തിരുന്നു. അന്ന് 8.41 മീറ്റര്‍ ദൂരമാണ് എം. ശ്രീശങ്കര്‍ ചാടിയത്. ദേശീയ റെക്കോഡ് ജേതാവ് ജസ്വിന് ആല്‍ഡ്രിനും ലോങ് ജംപില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുണ്ട്.
തേജസ്വിന് ശങ്കര്‍ ഇത്തവണ ഡെക്കാത്ത്ലോണില്‍ മത്സരിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുണ്ട്. കഴിഞ്ഞ ആഗസ്തില്‍ നടന്ന കോമണ്‍വല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ഹൈജംപില്‍ വെങ്കലം നേടിയ താരമാണ് തേജസ്വിന് ശങ്കര്‍. ഈ അടുത്താണ് താരം ഡെക്കാത്ത്ലോണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേലും ജാവലിന്‍ ത്രോയില്‍ രോഹിത് യാദവും മത്സരിക്കാത്തതാണ് ഇന്ത്യയുടെ മറ്റൊരു നഷ്ടം. ഇരുവരും സമീപകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയതിലുള്ള കാരണവും താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കൊല്ലം 17 മീറ്ററിലേറെ ദൂരം ചാടി ട്രിപ്പിള്‍ ജംപ് താരമാണ് പ്രവീണ്‍ ചിത്രവേല്‍. രോഹിത് ആകട്ടെ ഈ സീസണില്‍ മൂന്ന് തവണ 81 മീറ്ററിന് മേല്‍ ദൂരത്തില്‍ ജാവലിന്‍ ത്രോ ചെയ്തിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന ഫെഡറേഷന് കപ്പില്‍ 83.40 മീറ്റര്‍ ദൂരം കുറിച്ചു. അതിന് ശേഷം ഭുവനേശ്വറില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് മീറ്റില്‍ 83.28 മീറ്റര്‍ ദുരത്തിലും എറിഞ്ഞു. ഈ സാഹചര്യത്തില്‍ നില്‍ക്കെയാണ് താരത്തിന്റെ പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: