കാഞ്ഞാണി: ബസ് കണ്ടക്ടറെ മര്‍ദിച്ചതും യാത്രക്കാരുമായി പോയിരുന്ന ബസിനെ മറ്റൊരു ബസ് ഉപയോഗിച്ച് യാത്രക്കാരെ അടക്കം അപകടപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലുമായി 3 പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നമുണ്ടാക്കിയ ഇഷാന്, കാര്‍ലോസ് എന്നീ ബസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരായ മിഥുന്, ഡിബിന്‍, നിഖില്‍ എന്നിവരെയാണ് അന്തിക്കാട് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ – അന്തിക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ മറ്റൊരു ബസിലെ കണ്ടക്ടര്‍ മര്‍ദിച്ചതാണ് ആദ്യ സംഭവം. പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററില്‍ വച്ച് നിര്‍ത്തിയിട്ടിരുന്ന ജയറാം എന്ന ബസിലെ കണ്ടക്ടര്‍ കാഞ്ഞാണി സ്വദേശി പുന്നപ്പിള്ളി ശ്രീരാഗിനെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇഷാന് എന്ന ബസിലെ കണ്ടക്ടര്‍ മുറ്റിച്ചൂര്‍ സ്വദേശി തണ്ടിയേക്കല്‍ മിഥുന് (26) ബസില്‍ കയറി മര്‍ദിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞാണി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് രണ്ടാമത്തെ സംഭവം. ബസ് സ്റ്റാന്റില്‍ ആളെയിറക്കുന്ന സമയത്ത് ശ്രീശങ്കര എന്ന ബസിന്റെ ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന് ഇതേ റൂട്ടിലോടുന്ന കാര്‍ലോസ് എന്ന ബസ് മന:പൂര്‍വം ഇടിപ്പിച്ചു. ഇത് കണ്ട് യാത്രക്കാര്‍ ഭയചകിതരായി നിലവിളിച്ചു. കലിയടങ്ങാത്ത കാര്‍ലോസ് ബസിന്റെ ഡ്രൈവര്‍ ശ്രീശങ്കര ബസിനെ പിന്തുടര്ന്ന് പാന്തോട് സ്റ്റോപ്പില്‍ വച്ച് യാത്രക്കാരെ ഭയപ്പെടുത്തിക്കൊണ്ട് വീണ്ടും ഇടിപ്പിച്ചു. ബസിന്റെ വശങ്ങള്‍ക്ക് കേടുപറ്റി. സൈഡ് മിറര്‍ തകര്‍ന്നു. കാര്‍ലോസ് ബസിലെ ഡ്രൈവര്‍ അന്തിക്കാട് സ്വദേശി തണ്ടിയേക്കല്‍ ഡിബിന്‍ (24), ഇയാളുടെ കൂട്ടാളി കാഞ്ഞാണി സ്വദേശി മനോല നിഖില്‍ (24) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലും മന:പൂര്‍വം വാഹനം ഇടിപ്പിച്ച് യാത്രക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലുമാണ് ഇരുകൂട്ടരെയും അറസ്റ്റ് ചെയ്തത്. അന്തിക്കാട് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, എസ്ഐ മാരായ അരുണ്‍, വര്‍ഗീസ്, സിപിഒ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: