മഞ്ജുളാനന! ശൂന്യം, പ്രകൃതി, മായാ, ബ്രഹ്മം, വിജ്ഞാനം, ശിവന്, പുമാന്, ഈശാനന് എന്നീവണ്ണം എപ്പോഴും ആത്മാവിനെത്തന്നെയാണ് പറയുന്നതെന്നു അകക്കാമ്പില്‍ നീ നന്നായി ധരിക്കുക. ദൈ്വതം, അദൈ്വതം, എന്നിത്തരമായ സമുല്ഭേദങ്ങളോടും ജഗന്നിര്മ്മാണ വിനോദത്താല്‍ പരമാത്മമയി ആയീടുന്ന ശക്തി നന്നായി അദൈ്വതമായി വിജൃംഭിച്ചുകൊണ്ടീടുന്നു. തന്റേതായീടിലും അന്യന്റേതായീടിലും കാര്യം നഷ്ടമായാലും നന്നായാലും ഉള്ളില്‍ സുഖദുഃഖമെന്നിവ അല്പംപോലും കൈക്കൊണ്ടീടാതെ നീ രാമചന്ദ്ര! വാഴ്ക. നിര്വാതീതമാകുന്ന പദമാര്ന്നു പൂര്ണചന്ദ്രനെയെന്നപോലെ ശിശിരാശയനായി ഉദ്വേഗിയല്ലാതെയും തുഷ്ടാത്മാവല്ലാതെയും പ്രവര്‍ത്തിച്ചാല്‍ സംസാരത്തില്‍ വലഞ്ഞീടുകയില്ല. അനുമോദിക്കയില്ല, ദ്വേഷിച്ചീടുകയില്ല, ശോകിക്കില്ല, കാംക്ഷിക്കെന്നതുമില്ല, ഇഷ്ടവുമനിഷ്ടവും കൈവിട്ടു വാഴുന്നവന് കഷ്ടമാകുന്ന സംസാരത്തില്‍ വലഞ്ഞീടുകയില്ല. മൃദുഭാഷിയും ഇഷ്ടമോതീടുന്നവനുമായി നല്ല ഭൂതങ്ങളുടെ ആശയജ്ഞനുമായി ഇപ്പാരില്‍ വര്‍ത്തിച്ചീടും സല്പുമാനായുള്ളവന് സംസാരത്തില്‍ അല്പവും വലഞ്ഞീടുകയില്ല. ധ്യേയത്യാഗത്താല് ശോഭിക്കുന്ന പൂര്ണയായീടുന്ന ദൃഷ്ടിയെ കൈക്കൊണ്ട് ജീവന്മുക്തതയോടും സ്വസ്ഥനായി ഭുവനത്തില് നീ സന്തതം വിഹരിച്ചുകൊള്ളുക, രാമചന്ദ്ര! ആശയും നിന്റെ ഹൃദയത്തില്‍ രാഗവും വാസനയും ലേശവുമുണ്ടാകാതെകണ്ടു നീ സദാകാലം നീരദചാരുവര്ണ! പുറമേ സര്വസമാചാരനായി ലോകത്തിങ്കല്‍ വിഹരിച്ചുകൊള്ളുക. പുറമേ കൃത്രിമ സംരംഭകനായിട്ടും തഥാ അല്പവും അകക്കാമ്പില്‍ സംരംഭം കൂടാതെയും പുറമെ കര്‍ത്താവായും അകര്‍ത്താവായും ഉള്ളില്‍ സരസം ലോകത്തിങ്കല്‍ വിഹരിക്കുക. ഞാനെന്ന ഭാവം വിട്ടു മാനസം തെളിഞ്ഞ് ഏറ്റം വാനമെന്നതുപോലെ നല്ലവണ്ണം സ്വച്ഛനായി അങ്കവും കളങ്കവും കൂടാതെ ലോകത്തിങ്കല്‍ നീ വിഹരിച്ചുകൊള്ളുക രഘുപതേ! കേട്ടീടുക, ഉദാരപേശലാചാരനായി സര്വാചാരാനുവൃത്തിമാനായി ഉള്‍ത്തടത്തിങ്കല്‍ നിന്നു സര്‍വവും വെടിഞ്ഞ് ലോകത്തില്‍ നീ വിഹരിക്കുക. ഉള്‍ക്കുരുന്നിങ്കല്‍ നല്ല നൈരാശ്യത്തോടും പുറത്തേക്ക് നീ ആശയുള്ളപോലെ സരസമായി ലോകത്തിങ്കല്‍ വിഹരിക്കുക രാമ!
ബന്ധുവാണു, ശത്രുവാണു, ഞാനാണു, ഭവാനാണ് എന്ന് അന്തരംഗത്തിലുള്ളതായീടുന്ന വെറും ഭ്രമം നിനക്കിപ്പോള്‍ ഉള്പ്പൂവിലല്പംപോലും ഇല്ലാതെയായീടണം. ബന്ധുവാണിവന്, അവന് ബന്ധുവല്ലെന്നുള്ള ചിന്തയുണ്ടാകും. ലഘുചേതസ്സുകള്ക്ക് രാമ! ഉന്നതരായ ബ്രഹ്മനിഷ്ഠന്മാരായുള്ളവര്ക്കെല്ലാം സല്‍ഗുണാംബുധേ! വിശ്വംതന്നെ നല് കുടുംബമാകുന്നു. പലതരമാകുന്ന ജന്മസഞ്ചയാഹിത സംഭ്രമമായീടുന്ന ലോകത്തിങ്കല്‍ ബന്ധുവായിട്ടും ശത്രുവായിട്ടും കാണുന്നതു ചിന്തിച്ചാല്‍ ഭ്രമംതന്നെ, വാസ്തവമല്ല, നീ ഓര്‍ക്കുക, ഈ ത്രിഭുവനം ബന്ധുവും അബന്ധുവുമായി ഭവിച്ചുകൊണ്ടീടുന്നിതു രാമചന്ദ്ര! പണ്ടൊരുമുനിയുടെ നന്ദനന്മാരായുള്ള രണ്ടുപേര്‍, ഗംഗാതീരത്തുവെച്ചു ചെയ്ത ഉദാത്തമായ സംവാദത്തെ ഇങ്ങുദാഹരിക്കുന്നുണ്ട്. ഉല്ലാസമാര്‍ന്നു നീ കേട്ടുകൊള്ളുക രാമ!
കാനനവ്യൂഹമഹോത്തംസമായി വിളങ്ങീടും ഭൂമി ജംബുദ്ദീപത്തില് ഒരു ദിക്കിലുണ്ട്. രാമചന്ദ്ര! ധരിക്ക അതിന്പേര് മഹേന്ദ്രമെന്ന് എല്ലാവരും പറയുന്നു. മാനസാനന്ദമേകും ആ മലയുടെ രത്നസാനുവിലൊരു ദിക്കില്‍ പണ്ടൊരു മുനി വാണിരുന്നു. തത്ത്വജ്ഞാനിയായി തപോരാശിയായി വിളങ്ങീടും അദ്ദേഹത്തിനു ദീര്ഘതപസെന്നാണു നാമം. പുണ്യനെന്നും പാവനെന്നും പേരായി രണ്ടുനന്ദനന്മാരായി ആ മാമുനിക്കുണ്ടായിരുന്നു. വാക്പതിയോടൊക്കും അദ്ദേഹത്തിന്റെ മക്കളാകുന്ന അവര്‍ കചന്മാരെന്നപോലെതന്നെ. ആ രണ്ടു മക്കളോടുമൊന്നിച്ചു ദീര്‍ഘതപസ്സ് ഏറിയകാലം അവിടെ സൗഖ്യമായി വാണിരുന്നു. ജ്യേഷ്ഠനന്ദനനായ പുണ്യനെന്നവന് ഗുണജ്യേഷ്ഠനാണ്. അവന് കാലംകൊണ്ട് ആത്മജ്ഞാനിയാണ്. അര്ദ്ധപ്രബുദ്ധനായി പാവനന്‍ കിഴക്കിലെ സന്ധ്യാതാമരയെന്നപോലെ ശുദ്ധമാനസ! വാണാന്‍. അവന് മൂര്ഖത്വമകന്നു പദത്തെ പ്രാപിച്ചതില്ലോര്ക്കുക. എപ്പോഴും ഊഞ്ഞാലില്‍ ഇരിക്കുന്നതുപോലെ ആയാന്. കാരണങ്ങളെയെല്ലാം പ്രേരണചെയ്യും കാലമിങ്ങനെ കഴിയുമ്പോള്‍ വൃദ്ധത്വമാര്ന്നു വാഴും ദീര്‍ഘതപസ്സ് സംസാരത്തിങ്കലുള്ളതായ രീതിയെ ദൂരെനീക്കി, ഭാരത്തെ ഭാരവാഹി (ചുമടുതാങ്ങി) യെന്നതുപോലെ അഹങ്കാരമാകുന്ന പക്ഷിക്കുള്ള കൂടായ ശരീരത്തെ മഹീധരമന്ദിരത്തില് സത്വരമുപേക്ഷിച്ചാന്. സങ്കല്പാദികളില്ലാത്തതായി ചേത്യമുക്തയായീടും ചിത്തിനുള്ള ആസ്പദമായി രാഗാദിരഹിതമാകുന്ന പദത്തെ, പൂവിന്‍മണം ആകാശത്തെയെന്നപോലെ പ്രാപിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: