ന്യൂദല്‍ഹി: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ നേതൃത്വത്തിന് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഷ്ട്രപതി ഭവനില്‍ നടന്ന സന്ദര്‍ശക സമ്മേളനം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ നമ്മുടെ പെണ്മക്കള് മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ധിക്കുകയാണെന്നും രാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
എസ്ടിഇഎം എന്നറിയപ്പെടുന്ന ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നിവയില്‍ വിദ്യാര്‍ത്ഥിനികളുടെ സാന്നിധ്യവും മികവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ നേതൃത്വത്തിന് കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.
ലോകത്തിലെ ആദ്യ വനിതാ വൈസ് ചാന്‍സലറെ നിയമിച്ചതിന്റെ അഭിമാനം നമ്മുടെ രാജ്യത്തിനാണെന്നതില് ഓരോ ഇന്ത്യക്കാരനും, പ്രത്യേകിച്ച് സ്ത്രീകള്‍ അഭിമാനിക്കണം. വഡോദര യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഹന്‍സ മേത്ത ഒരു നല്ല സര്‍വകലാശാല വികസിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും മാതൃകയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. മിക്ക യുവാക്കള്‍ക്കും, പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് കരകയറാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഉന്നത വിദ്യാഭ്യാസമാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് തുല്യവും സമഗ്രവുമായ ഉന്നതവിദ്യാഭ്യാസം നല്‍കുന്നത് ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മുന്‍ഗണനകളിലൊന്നാണെന്ന് അവര്‍ പ്രസ്താവിച്ചു. അറിവിന്റെ ശക്തിയാല്‍ രാജ്യങ്ങള്‍ക്ക് ആഗോള വന്‍ശക്തികളാകാന്‍ കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയെ ആഗോള വിജ്ഞാന സൂപ്പര്‍ പവര്‍ ആക്കുക എന്നതാണ് എന്‍ഇപിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായി സ്ഥാപിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ പങ്കാളികളുമായും ഏകോപിപ്പിച്ച് നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നതില്‍ അവര്‍ സന്തോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: