ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 പരമ്പര ഇന്ന്. ഉച്ചയ്ക്ക് 1.30 മുതലാണ് കളി. വേഗം കുറഞ്ഞ പിച്ചില്‍ സ്ലോ ബോളര്‍മാര്‍ നിര്‍ണായകമാകുന്നത് മലയാളിതാരം മിന്നുമണിക്ക് ഇന്നും അവസരമാകും.
ധാക്കയിലെ മിര്പുറിലാണ് രണ്ടാം ട്വന്റി20 നടക്കുക. ഇവിടെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്മന് പ്രീത് കൗര്‍ ആദ്യം ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്. ബംഗ്ലാ ബാറ്റര്‍മാര്‍ പേസര്‍മാരെ തലങ്ങും വിലങ്ങും പായിച്ച നേരത്താണ് ഹര്മന് മിന്നുവിനെ പന്തേല്‍പ്പിച്ചത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണിങ് കൂട്ട് പൊളിച്ച് മലയാളിതാരം അരങ്ങേറ്റം ഗംഭീരമാക്കി. ഒപ്പം ഇന്ത്യയ്ക്ക് മികച്ചൊരു ബ്രേക്കും സമ്മാനിച്ചു. മിന്നുമണിയുടെ ഈ വിക്കറ്റ് നേട്ടത്തെ പിന്‍പറ്റിയാണ് പിന്നീട് ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയത്.
ഇതേ പിച്ചില്‍ വീണ്ടും മത്സരം നടക്കുമ്പോള്‍ ദീപ്തി ശര്‍മയ്ക്ക് കീഴിള്‍ അനുഷ ബാറെഡിയും മിന്നുവും ഒത്തുചേര്‍ന്ന സ്പിന്‍ ത്രയത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഇന്ത്യന്‍ നായികയ്ക്ക് അറിയാം. അതിനാലാണ് ഇന്നത്തെ മത്സരത്തില്‍ മിന്നുമണിയെ ഒഴിവാക്കാനാവില്ലെന്നത് ഉറപ്പിക്കുന്നത്.
ബോളിങ് സെഷന്റെ കാര്യം ഈ വിധത്തില്‍ നില്‍ക്കെ ഇന്നത്തെ കളിയില്‍ താന്‍ പ്രതിസന്ധിയിലല്ലെന്ന് തെളിയിക്കാന്‍ മറ്റൊരു മുന്‍നിര താരത്തിന് ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്. ഓപ്പണര്‍ ഷെഫാലി വര്‍മയ്ക്കാണ് തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കേണ്ടിവന്നിട്ടുള്ളത്. ആദ്യമത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ ബംഗ്ലാ പേസര്‍ മാറുഫ അക്ടെറിന് കീഴടങ്ങി ഷെഫാലി പുറത്തായി. അതും പൂജ്യത്തിന്. ഇത് ഈ മത്സരത്തില്‍ മാത്രം സംഭവിച്ചതല്ല. 2023ല്‍ താരം ഫോമിലേക്കെത്തിയിട്ടേയില്ലെന്ന വാസ്തവം കൂടി ചേരുമ്പോളാണ് ഞെട്ടിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മുതല്‍ താരം വല്ലാതെ പതറുന്നുണ്ട്. ബാറ്റിങ്ങില്‍ തനിക്ക് നിര്‍ണായക റോള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് തെളിയിച്ച താരമാണ് ഷെഫാലി വര്‍മ്മ. ഇതുവരെ 57 ട്വന്റി20കളില്‍ കളിച്ച് അക്കാര്യം അടിവരയിട്ടതുമാണ്. കഴിഞ്ഞ വര്‍ഷം അവസാനം ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ മിന്നിയതാണ് ഒടുവിലത്തെ മികച്ച പ്രകടനം. ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് പരമ്പര നിര്‍ണായകമാകുന്നതിനൊപ്പം ഷെഫാലി വര്‍മ്മ എന്ന ഓപ്പണിങ് ബാറ്റര്‍ക്കും പരീക്ഷണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: