കൊച്ചി: കേരള ഹൈക്കോടതിയിലെയും വിവിധ ജില്ലാ കോടതികളിലെയുമായി 5,000 ത്തിലേറെ വിധിന്യായങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ മലയാളത്തിലേക്ക് മൊഴിമാറ്റി. ഇവ അതത് കോടതികളുടെ വെബ്സൈറ്റുകളില്‍ ലഭ്യമാണെന്ന് ഹൈക്കോടതിയിലെ കമ്പ്യൂട്ടറൈസേഷന് രജിസ്ട്രാര്‍ ജി. ഗോപകുമാര്‍ അറിയിച്ചു.
മാതൃഭാഷാദിനമായ ഫെബ്രുവരി 21ന് ഹൈക്കോടതിയുടെ രണ്ടു വിധിന്യായങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹൈക്കോടതിയുടെ 317 വിധിന്യായങ്ങളും ജില്ലാ കോടതികളില്‍ നിന്നുള്ള 5,186 വിധിന്യായങ്ങളുമാണ് മലയാളത്തിലാക്കിയത്. പ്രാദേശിക ഭാഷയിലേക്ക് വിധിന്യായങ്ങള്‍ മൊഴി മാറ്റണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി ഹൈക്കോടതി ഇടപെട്ടു നടപ്പാക്കുന്നത്.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിച്ച ശേഷമാണ് വിധിന്യായങ്ങളുടെ മലയാളം പതിപ്പുകള്‍ പ്രസിദ്ധീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള എഐസിടിഇ തയാറാക്കിയ അനുവാദിനി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ മൊഴിമാറ്റത്തിന് ഉപയോഗിച്ചു. ഇങ്ങനെ മലയാളത്തിലാക്കുന്ന വിധിന്യായങ്ങള്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വ്യവഹാരികള്‍ക്കും ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: