മലപ്പുറം; സിപിഎം സംഘടിപ്പിക്കുന്ന ഏകീകൃത സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. തീരുമാനമറിയിച്ചതോടെ ന്യൂനപക്ഷപ്രീണനത്തിലൂടെ കേരളത്തിലെ മുസ്ലിങ്ങളെ ഭിന്നിപ്പിക്കാന്‍ സിപിഎം നടത്തിയ ശ്രമം അപഹാസ്യമായി. സമുദായത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാകരുത് സെമിനാറുകള്‍ എന്ന കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായപ്രകടനവും സിപിഎമ്മിന്റെ ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞുള്ള വിമര്‍ശനമായിരുന്നു.
ഇതോടെ ഈ പ്രശ്നത്തില്‍ കൃത്യമായ ഒരു മറുപടി പറയാനാകാതെ വിഷമിക്കുകയാണ് എം.വി. ഗോവിന്ദന്. പാണക്കാട് നടന്ന യോഗത്തിന് ശേഷമാണ് മുസ്ലിം ലീഗ് സിപിഎം വിളിച്ചുകൂട്ടുന്ന എകീകൃത സിവില്‍ നിയമം സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.
ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടി എം.എല്‍.എ എന്നിവരാണ് പങ്കെടുക്കില്ലെന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. സെമിനാറില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായണ്ടായിരുന്ന സാഹചര്യത്തിലാണ് ലീഗ് പ്രത്യേക യോഗം വിളിച്ചത്.ഏകീകൃത സിവില്‍ നിയമപ്രശ്നത്തില്‍ മുസ്ലിങ്ങള്‍ക്ക് ഒരൊറ്റ മനസ്സാണെന്ന ഗോവിന്ദന്റെ പ്രസ്താവനയും മുസ്ലീം ലീഗ് കോണ്‍ഗ്രസിന്റേതുപോലെ അഴകൊഴമ്പന്‍ പാര്‍ട്ടിയല്ലെന്ന ശിവന്‍കുട്ടിയുടെ പ്രസ്താവനയും പാഴായി.
അതുപോലെ ഏകീകൃത സിവില്‍ നിയമത്തിനെതിരെ പ്രതിഷേധമുണ്ടെങ്കില്‍ അത് തെരുവിലിറങ്ങി പ്രകടിപ്പിക്കാനില്ലെന്ന് ലീഗ് തീരുമാനിച്ചിട്ടുണ്ട്. അഭിപ്രായ ഭിന്നതകള്‍ നിയമപരമായി നേരിടുക മാത്രമാണ് ചെയ്യുക. “ആര്‍ക്കും സെമിനാര്‍ സംഘടിപ്പിക്കാം. ആര്‍ക്കും അതില്‍ പങ്കെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ട്”- സാദിഖലി തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: