മിനി സുഗതന്
നമിക്കുന്നു ഞാന്‍ അനസ്യൂതമുദിക്കും ദിനങ്ങളെ
തപിക്കുമെന്നാത്മാവില്‍ തരിക നിങ്ങള്‍ സദയമായി
തമസ്സകറ്റുവാന്‍ സ്വയം ജ്വലിച്ചിടും വിഭാതര്ക്ക-
നുതിര്ക്കും കിരണങ്ങള്‍ തെളിച്ചിടും ദീപങ്ങള്‍.
വന്ദനമേകിടുന്നുഞാന്
ഋതുക്കളെ നിങ്ങളെ
അഴല്വീഴും വഴിയിലുഴറുമെന് നിഴലിഴയും
മനവനികയില് വരിക നിങ്ങള്‍ വസന്തമായി
എന്നിലേകൂ നറുസുന്ദരസുഗന്ധപുഷ്പങ്ങള്.
പഞ്ചാക്ഷരീമന്ത്ര മുഖരിതമാം
സന്ധ്യായാമങ്ങളില്‍
രുദ്രാക്ഷമാലകള്‍ കോര്‍ക്കുന്നു
മേഘസംന്യാസികള്
തീര്ത്ഥക്കുടംപേറി യാത്രയാകുന്നു
രാത്രിതന്‍ തപോവനത്തില്‍.
പൂജാപുഷ്ങ്ങള് താരകങ്ങള്‍,
ചന്ദനമേവും ശാരദാംബരത്തില്.
സ്വാഗതമരുളുന്നു മൂവന്തി ചക്രവാകങ്ങളെ…
അന്ധകാരത്തിലും ശാന്തമായിടും സാഗരങ്ങള്‍.
നിശബ്ദമാകും വിഹായസ്സും,
നീലനിശീഥവും.
അനശ്വരമായിടും നഭസ്സിലെ വിസ്മയങ്ങള്‍
സദ്ഗുണം നിത്യമാം പ്രകാശപൂരിതമാകയാല്
ചിത്തത്തില്‍ നവനീത പ്രസാദം
സഹചാരികള്ക്കേകിടാം.
പ്രപഞ്ച നികേതത്തില്‍ വസിച്ചീടുമെന്ഹൃത്തിലായ്
ചൈതന്യമാം സരസ്സീരൂഹം
വിടര്‍ത്തുമോ കാലമേ നീ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: