ഇസ്ലാമബാദ്: ഐ സി സി ലോകകപ്പിനായി പാകിസ്ഥാന് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉന്നതതല സമിതിക്ക് രൂപം നല്കി. ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതില്‍ ഉപദേശം തേടി പാകിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് സര്‍ക്കാരിന് കത്തയച്ചിരുന്നു.
ഇതുപ്രകാരം വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അധ്യക്ഷനായ സമിതിക്കാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രൂപം നല്‍കിയത്.
കായിക മന്ത്രി അഹ്സന് മസാരി, നിയമ-നീതി മന്ത്രി അസം നസീര്‍ തരാര്‍, മറിയം ഔറംഗസേബ്, അസദ് മഹ്മൂദ്, അമിന്‍ ഉള് ഹഖ്, ഖമര്‍ സമാന് കൈറ, മുന്‍ നയതന്ത്രജ്ഞന് താരിഖ് ഫാത്മി , രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.
ഒക്ടോബര്‍ 5 ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി പാകിസ്ഥാന് ഇന്ത്യയിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും (ബിസിസിഐ).എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഖകരമല്ലാത്തതിനാല്‍ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കുന്നത് സര്‍ക്കാര്‍ അനുമതിക്ക് ശേഷമാകുമെന്ന് പിസിബി അറിയിച്ചിട്ടുണ്ട്.
ലോകകപ്പില്‍ പാകിസ്ഥാന് ഏറ്റവും കൂടുതല്‍ സമയം ചെലവിടേണ്ടത് ഹൈദരാബാദിലാണ്. രാജിവ് ഗാന്ധി സ്റ്റേഡിയത്തില്‍ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിച്ചതിന് ശേഷം, നെതര്‍ലന്‍ഡ്സിനും ശ്രീലങ്കയ്ക്കുമെതിരെ ഈ വേദിയില്‍ തന്നെ കളിക്കും.ഇന്ത്യയ്ക്കെതിരെ അഹമ്മദാബാദില്‍ ഒരു മത്സരം, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരെ ബെംഗളൂരുവില്‍ രണ്ട്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ കൊല്‍ക്കത്തയില്‍ രണ്ട്, അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചെന്നൈയില്‍ രണ്ട് മത്സരങ്ങള്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുളളത്.പാകിസ്ഥാന് സെമിഫൈനല്‍ യോഗ്യത നേടിയാല്‍ കൊല്‍ക്കത്തയിലാകും മത്സരം.
ഷെഡ്യൂള്‍ പ്രഖ്യാപിക്കും മുമ്പ് അഹമ്മദാബാദില്‍ കളിക്കുന്നതില്‍ പിസിബി താത്പര്യമില്ലായ്മ പ്രകടിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ ഓസ്ട്രേലിയയ്ക്കെതിരെയും ചെന്നൈയില്‍ അഫ്ഗാനിസ്ഥാനെതിരെയും കളിക്കുന്നതിലും താത്പര്യം ഇല്ലായിരുന്നു.
അതേസമയം പാകിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ പരിശോധിക്കാന്‍ ഉന്നതതല സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഇപ്പോള്‍ ഹൈബ്രിഡ് മോഡില്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലും ബാക്കിയുളള മത്സരങ്ങള്‍ പാകിസ്ഥാനിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: