കുമരകം: കുമരകത്തിന്റെ തെക്കന്‍ പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമായി നടന്നിട്ട് മാസങ്ങളായെങ്കിലും, ഈ മേഖലയിലെ ഹോട്ടല്‍, റിസോര്‍ട്ട് ലൈനുകളില്‍ കുടിവെള്ളം സുലഭം. വാട്ടര്‍ അതോറിട്ടി അധികൃതരുടെ അനധികൃത നടപടിക്കെതിരെ പരാതിയുമായി നാട്ടുകാര്‍. കുമരകം പൊങ്ങലക്കരി കോളനി ഉള്‍പ്പെടുന്ന എട്ടാം വാര്‍ഡ് മെമ്പര്‍ ഷീമാ രാജേഷിന്റെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച ബഹുജനകൂട്ടായ്മയുടെ പരാതി വാട്ടര്‍ അതോറിട്ടി കോട്ടയം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. ബിജീഷിന് കൈമാറി.
110 കുടുംബങ്ങളിലായി 500ല്‍പരം ആളുകളാണ് പൊങ്ങലക്കരി കോളനിയില്‍ താമസിക്കുന്നത്. ജലവിതരണ വകുപ്പിന്റെ കുടിവെള്ള വിതരണത്തെ ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടെയുള്ളത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പമ്പിങ്ങ് നടത്തുന്നുണ്ടെങ്കിലും യാതൊരു ഫലവുമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. സാങ്കേതികമായുള്ള തകരാര്‍ എന്നാണ് അധികൃതരുടെ മറുപടി. എന്നാല്‍ പരാതി നല്കിയ ശേഷം തൊട്ടടുത്ത പമ്പിങ്ങ് ദിവസം ഈ മേഖലയിലെ എല്ലായിടത്തും പൂര്‍ണ്ണ തോതിലുള്ള ജലവിതരണം നടക്കും. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പഴയ അവസ്ഥയിലെത്തും.
വേമ്പനാട്ട് കായലിന്റെ തീരത്തുള്ള സ്വകാര്യ റിസോര്‍ട്ടുകളും ഹോട്ടലുകളും ഉള്‍ക്കൊള്ളുന്ന ടൂറിസം മേഖലയിലെ പൈപ്പ് ലൈനില്‍ ജലവിതരണത്തിന് മുടക്കമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരെ സഹായിക്കുന്നതിന് വേണ്ടി പൈപ്പ് ലൈനിന്റെ വാല്‍വ് തുറക്കുന്നതില്‍ പമ്പിങ്ങ് ഓപ്പറേറ്റര്‍മാര്‍ വരുത്തുന്ന അപാകതയാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം. ഇതുമൂലം ടൂറിസം മേഖലയിലേക്ക് എപ്പോഴും വെള്ളം എത്തുകയും തെക്കന്‍ മേഖലയിലെ ജനങ്ങള്‍ തിങ്ങിപാര്ക്കുന്നയിടത്ത് നാമമാത്രമായി കുടിവെള്ളം ലഭിക്കുകയും ചെയ്യുന്നു. പ്രശ്നം അധികൃതരെ പലതവണ അറിയിച്ചെങ്കിലും നടപടിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: