രാജാക്കാട്: കൊച്ചി- ധനുഷ്ക്കോടി ദേശീയ പാതയിലെ ദേവികുളം ഗ്യാപ്പ് റോഡില്‍ വന്മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചെമ്മണ്ണാര്‍ റോഡിന് സമീപമാണ് ഇന്നലെ രാവിലെ 9.30യോടെ മലയിടിച്ചിലുണ്ടായത്. 30 അടിയോളം ഉയരത്തില്‍ നിന്ന് മലയിടിഞ്ഞതിനെ തുടര്‍ന്ന് വന്‍ പാറക്കല്ല് താഴെ വീണതിനെ തുടര്‍ന്ന് ഗ്യാപ്പില്‍ നിന്ന് ബൈസണ്‍വാലിക്കുള്ള ചെമ്മണ്ണാര്‍- ഗ്യാപ്പ് റോഡിലേയും ഗതാഗതം തടസപ്പെട്ടു.
അതേ സമയം പാറക്കല്ലുകളും മണ്ണും മാറ്റുന്ന ജോലി ഭാഗികമായി പൂര്‍ത്തിയായെങ്കിലും ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജും അറിയിച്ചു. കെഡിഎച്ച് വില്ലേജിലെ ഇരച്ചില്‍പാറ മുതല്‍ ചിന്നക്കനാല്‍ വില്ലേജിലെ ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡ് ആരംഭിക്കുന്ന ഭാഗം വരെയാണ് നിരോധനം. എന്നാല്‍ മറുവശത്ത് നിന്നെത്തി ചെമ്മണ്ണാര്‍ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും.
കഴിഞ്ഞ വര്‍ഷവും സമാനമായി ഇവിടെ മലയിടിഞ്ഞ് താഴെയുള്ള ഏക്കര്‍ കണക്കിന് കൃഷി നശിച്ചിരുന്നു. റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും മൂന്നാറിനുള്ള വാഹനങ്ങള്‍ രാജാക്കാട് വഴി തിരിച്ചുവിട്ടു. ഹൈവേ നിര്‍മാണത്തിലെ അശാസ്ത്രീയത കൊണ്ടാണ് സ്ഥിരമായി മണ്ണിടിച്ചിലുണ്ടാകുന്നതെന്ന് നേരത്തെ മുതലേ ആരോപണം നിലനില്‍ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 27നാണ് മേഖലയില്‍ അവസാനമായി മലയിടിഞ്ഞത്.
സ്ഥലത്ത് ദേശീയപാത വിഭാഗം ഇന്ന് വിശദമായ പരിശോധന നടത്തും ഇതിന് ശേഷമേ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നാണ് വിവരം. അപകടം നടന്ന സമയത്ത് കനത്തമഴയായിരുന്നതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു. ഇതാണ് ദുരന്തമൊഴുവാക്കിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ മൂന്നാര്‍ മേഖലയില്‍ 8 സെ.മീ. മഴയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: