വടക്കാഞ്ചേരി: ചോരത്തടത്തെ ഭീതിയുടെ കാര്‍മേഘമൊഴിഞ്ഞു. ഉയരയിടത്തിലെ മണ്ണിടിച്ചില്‍ ഭീഷണി ഒഴിവായതിന്റെ ആശ്വാസം പങ്കുവെക്കുകയാണ് മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ചോരത്തടം റോഡ് നിവാസികളായ 5 കുടുംബങ്ങള്‍. കാലവര്‍ഷം കനത്തതോടെ ഉയരയിടത്തിനു താഴെ മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്ന പറമ്പായി ചോരത്തടം റോഡ് നിവാസികളുടെ ദുരിതം ജന്മഭൂമി കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. തുടര്‍ന്നാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അധികൃതരുടെ നേതൃത്വത്തില്‍ ജെസിബിയും മറ്റുമുപയോഗിച്ച് ഉയരയിടത്തിലെ മണ്ണിടിച്ചു നിരത്തി പ്രദേശവാസികളുടെ ആശങ്കയകറ്റിയത്.
അപകടക്കെണിയായി നിലകൊണ്ടിരുന്ന ഭീമന് പാറക്കല്ലുകളും നീക്കി. മഴയില്‍ അനുദിനം മണ്ണും പാറയും ഇടിഞ്ഞുവീഴുന്ന ഉയരയിടത്തിനു താഴെ ആശങ്കയില്‍ കഴിയുകയായിരുന്നു 5 കുടുംബങ്ങള്‍. മഴക്കാലമായാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും ഓടേണ്ട ഗതികേടിലായിരുന്നു ഇവര്‍. ആക്കമറ്റത്തില്‍ വീട്ടില്‍ ബാബു, പാറേപ്പറമ്പില്‍ വീട്ടില്‍ സുരേഷ്, പാറയില്‍ വീട്ടില്‍ ഷൈലജ, വെള്ളപ്ലാക്കല്‍
ബ്ലെസന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സന്തോഷ്, പറങ്ങനാട് തങ്കമണി എന്നിവരുടെ കുടുംബങ്ങളാണ് ദുരിതം നേരിട്ടിരുന്നത്. ഒരാഴ്ച മുന്‍പ് പാറയില്‍ വീട്ടില്‍ ഷൈലജയുടെ വീടിനു പുറകിലേക്ക് മണ്ണിടിഞ്ഞു വീണിരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉയരയിടത്തിലെ ഭീമന് പാറക്കല്ലും മണ്ണുമൊക്കെ താഴേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍ ഓരോ ദിനവും തള്ളിനീക്കിയിരുന്നത്.
കഴിഞ്ഞവര്‍ഷം പറങ്ങനാട് തങ്കമണിയുടെ വീടിനു പുറത്തെ ശുചിമുറി മണ്ണും പാറയും ഇടിഞ്ഞുവീണ് പൂര്‍ണമായും തകര്‍ന്നിരുന്നു. പാറപ്പറമ്പില് സുരേഷിന്റെ വീടിന് പുറകിലേക്ക് ഭീമന് പാറക്കല്ല് വീണതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. മഴ കനത്തതോടെ പ്രദേശവാസികളുടെ പരാതികളെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇനി ചോരത്തടം റോഡ് നിവാസികള്‍ക്ക് അവരുടെ ഭവനങ്ങളില്‍ സുരക്ഷിതരായി അന്തിയുറങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: