കാനായി കുഞ്ഞിരാമന്
കേരളത്തിലെ കലാചരിത്രം എഴുതുമ്പോഴോ വായിക്കുമ്പോഴോ നമുക്ക് നമ്പൂതിരി ഇല്ലാതെ വായിക്കാനാകില്ല. കേരളത്തില്‍ അത്രയും പ്രധാനപ്പെട്ട കലാകാരനായാണ് അദ്ദേഹം ജീവിച്ചത്. നമ്പൂതിരിയുടെ വരയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അതാണ് എല്ലാ കലാകാരന്മാരും ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ രേഖാചിത്രം ആര്‍ക്കും കിട്ടാത്ത സിദ്ധിതന്നെയാണ്. ജീവിച്ചിരിക്കുമ്പോള്‍ എം.വി. ദേവന് അതിനെപ്പറ്റി ഭംഗിയായി എഴുതിയിട്ടുണ്ട്. പല സാഹിത്യകാരന്മാരും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.
ദേവനാണ് മാതൃഭൂമിയില്‍ ആദ്യമായി കാര്യമായി ഇല്ലസ്ട്രേഷന് തുടങ്ങിയത്. അതിനുമുമ്പ് ഒരു വാസുദേവന്‍ നമ്പൂതിരിയുണ്ടായിരുന്നു. പഠനം കഴിഞ്ഞ് സുഹൃത്തായ ദേവന്റെ മുന്നില്‍വന്ന് വേറെ ജോലിയൊന്നും ഇല്ല ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ട എന്നുപറഞ്ഞിട്ട് തന്റെ ജോലി രാജിവച്ചിട്ട് അത് നമ്പൂതിരിക്ക് കൊടുത്തു. ദേവന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ നമുക്ക് ലഭിക്കുമായിരുന്നില്ല. രണ്ടുവരകള്‍ കൊണ്ടു അത്ഭുതം തീര്‍ക്കുകയായിരുന്നു നമ്പൂതിരി. വി.കെ.എന്‍, നമ്പൂതിരിയുടെ വരയെപ്പറ്റി എഴുതിയിട്ടുണ്ട്. തിരുവനന്തപു
രത്ത് പൂജപ്പുരയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്സിനുമുന്നിലെ പ്രതിമ നമ്പൂതിരി നിര്‍മിച്ചതാണ്. ലാറ്റക്സിലെ അന്നത്തെ ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നോട് ചെയ്യാന്‍ പറഞ്ഞതാണ്. അത് ഞാന്‍ നമ്പൂതിരിയെ ഏല്‍പ്പിക്കുകയായിരുന്നു. ശില്പവും പെയിന്റിങ്ങും എല്ലാം അദ്ദേഹത്തിന് വഴങ്ങുമായിരുന്നു.
കേരളത്തിലല്ല ജനിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് ഇതിനെക്കാളേറെ അംഗീകാരം കിട്ടുമായിരുന്നു. നമ്മുടെ മലയാളികള്‍ അദ്ദേഹത്തിന് വേണ്ട അംഗീകാരം കൊടുത്തിട്ടില്ല. കേരളത്തിലെ സ്ഥിതി ഇതാണ്. ഇവിടെ സാഹിത്യവും സംഗീതവും സിനിമയും വളര്‍ന്നു. ഇപ്പോഴും വളരാതിരിക്കുന്നത് ചിത്രകലയും ശില്പകലയുമാണ്.
മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജില്‍ കെ.സി.എസ്. പണിക്കര്‍ വന്നശേഷമാണ് ഫൈന്‍ ആര്‍ട്സ് കോളജ് വളരാനും തെക്കേ ഇന്ത്യയില്‍ കലയില്‍ മാറ്റമുണ്ടാകാനും പറ്റിയത്. കെ.സി.എസ്. പണിക്കര്‍ നമ്പൂതിരിയെ പരമാവധി പ്രോത്സാഹിപ്പിച്ചു. പഠിക്കുന്ന സമയത്തുതന്നെ നമ്പൂതിരിക്ക് അത്രയേറെ ടാലന്റ് ഉണ്ടായിരുന്നു. ചെമ്പുതകിടില്‍ എംമ്പോസ് ചെയ്തുകൊണ്ട് ഒരുപാട് വര്‍ക്ക് അദ്ദേഹം ചെയ്തിരുന്നു. അതൊക്കെ മനോഹരമായിരുന്നു. ആരും ചെയ്യാത്ത സംഭവമായിരുന്നു.
അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ആരും അംഗീകരിച്ചില്ല. മാതൃഭൂമിയിലെ ഇല്ലസ്ട്രേറ്റര് എന്ന രീതിയിലാണ് പലരും അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തിന് ഒരു പദ്മശ്രീ കിട്ടാത്തതില്‍ വിഷമമുണ്ട്. കലാപഠനത്തിനായി എറണാകുളത്ത് കലാപീഠം എന്ന സ്ഥാപനം അദ്ദേഹം തുടങ്ങിയിരുന്നു. ഞാന്‍ ശില്പങ്ങള് ചെയ്യുമ്പോള്‍ അദ്ദേഹം വന്നുനിന്ന് അഭിപ്രായം പറയുമായിരുന്നു. ഞങ്ങള്‍ ടീമായി വര്‍ക്കുചെയ്ത കലാകാരന്മാരാണ്. ഇന്ന് അങ്ങനെയൊരു ഗ്രൂപ്പില്ല. എല്ലാവരും പിരിഞ്ഞുപോയി. ഞാന്‍ മാത്രമായി. ദേവന്, ജയപാലന്, നമ്പൂതിരി… എല്ലാവരും പോയി, ആ ഗ്രൂപ്പില്‍ ഞാന്‍ മാത്രം ബാക്കിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: