ന്യൂദല്‍ഹി: വന്ദേഭാരത് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യമെമ്പാടും വന്‍ സ്വീകാര്യതയുള്ള അതിവേഗ ട്രെയിന്‍ സര്‍വീസിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് വന്ദേഭാരതിനെ ആശ്രയിക്കുന്നത്.
ഒട്ടു മിക്ക വന്ദേഭാരത് ട്രെയിനുകളും മൂഴുവന്‍ സീറ്റുകളിലും യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യത്തിനനുസൃതമായാണാ ഓരോ വന്ദേഭാരത് ട്രെയിനുകളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുകയെന്നതാണ് റെയില്‍വേയുടെ ആശയം. രണ്ട് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയുള്ള ഹ്രസ്വ ദൂര സര്‍വീസുകള്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിലൂടെ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ആള്ക്കാര് വന്ദേഭാരത് ഉപയോഗിക്കണമെന്നാണ് റെയില്‍വേയുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം റെയില്‍വേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വന്ദേഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ കേരളമാണ് ഒന്നാമത്. അതില്‍ തന്നെ കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലാണ് കൂടുതല്‍ യാത്രക്കാര്‍, 183 ശതമാനം. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള ട്രെയിനില്‍ 176 ശതമാനമാണ് യാത്രക്കാര്‍. അതുകൊണ്ടു തന്നെ ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടായാലും അത് കേരളത്തിന് ബാധകമാകില്ല. 55 ശതമാനത്തില്‍ താഴെ ഒക്യുപെന്‍സിയുള്ള ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിലാകും ഇളവ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്, ഒക്യൂപെന്‍സി 134 ശതമാനം. മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ വന്ദേഭരതില് 129 ശതമാനവുമാണ് ഒക്യുപെന്‍സി. 46 വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നത്. പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫഌഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: