തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതി തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ അയ്യന്‍കുന്നിലെ റോഡിലേക്ക് കൂറ്റന്‍ പാറ അടര്‍ന്ന് വീണു. ആസമയം വാഹനങ്ങളൊന്നും ആ മേഖലയിലേക്ക് വരാത്തതിനാല്‍ അപകടം ഒഴിവായി. കണ്ണൂര്‍ പെരിങ്ങോം, കാസര്‍കോട് വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ഇതുവരെ 228 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് ലഭിച്ചത്. സംസ്ഥാനത്തെ തീരദേശ മേഖലയില്‍ 3.5 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ മഴയ്‌ക്ക് അല്‍പം ശമനമുണ്ട്.
സംസ്ഥാനത്തെ മഴക്കെടുതിയില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ കാണാതായ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
അപ്പര്‍കുട്ടനാട്ടിലും എറണാകുളത്തും നൂറുകണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. കാലവര്‍ഷത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 150 ആയി. വിവിധ ജില്ലകളിലായി 651 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: