കണ്ണൂര്‍ : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗേള്‍ ഫ്രണ്ടാണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
ഡിസിസിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്തേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് വിശ്വനാഥ പെരുമാള്‍ വിവാദ പ്രസ്താവന നടത്തിയത്. ‘മുഖ്യമന്ത്രി പിണറായി സര്, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ഫ്രണ്ടായ സ്വപ്ന സുരേഷിന് എങ്ങിനെയുണ്ട്’. ഇങ്ങനെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള നേതാവാണ് വിശ്വനാഥ പെരുമാള്‍. ഐപിസി സെക്ഷന്‍ 153 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനായ പി.കെ. ബിജുവാണ് പോലീസില്‍ പരാതി നല്‍കിയത്. വിശ്വനാഥ പെരുമാളിനെ കൂടാതെ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാങ്കുറ്റി എന്നിവര്‍ക്കെതിരേയും ബിജുവിന്റെ പരാതിയില്‍ പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: