ഉപശമപ്രകരണം
സിദ്ധന്മാരുടെ ഇത്തരം ഗാനംകേട്ടു ഉത്തമനായീടുന്ന ജനകന് യുദ്ധകോലാഹലത്തെക്കേട്ട ഭീരുവിനെപ്പോലെ സത്വരം വിഷാദവാനായി. അത്യുന്നതമായ പര്‍വതത്തെ സിംഹമെന്നതുപോലെ അദ്ദേഹം ഏകനായി കോകിലകം പ്രാപിച്ചു. പാപരഹിതനായ ജനകന് താനേ തന്റെ മണിമാളികതന്നില് ചെന്നിരുന്ന് അനന്തരം പറക്കുംനേരത്ത് ഇളകുന്ന പക്ഷിയുടെ ചിറകെന്നതുപോലെ ചാഞ്ചല്യമാര്ന്നുള്ള ലോകത്തിന്റെ ഗതിയെ ആലോചിച്ച് അതിമാത്രം വ്യാകുലനായിച്ചമഞ്ഞ് ഇങ്ങനെ വിലപിച്ചു, ‘ആത്യന്തം കഷ്ടതയെ പ്രാപിച്ചുള്ളവയാം ഈ അസ്ഥിരലോകങ്ങളില് ഇങ്ങനെ കിടന്നെന്നും പാഷാണ (കല്ല്) ജാലങ്ങളില്‍ പാഷാണമെന്നതുപോലെ ഈ ഞാന്‍ ഭ്രാന്തിമൂലം ഹാ കഷ്ടം! ഉരുളുന്നു. ഈ കാലത്തിന്, അലോചിച്ചാല്‍, അന്തമെന്നുള്ളതില്ല. ഹന്ത! ഞാനെത്രമാത്രം ജീവിച്ചുകൊണ്ടീടുന്നു? എന്നും ഞാന്‍ ഇതിലൊരാശവെച്ചുകൊള്ളുന്നുവല്ലോ, നിന്ദ്യനാരെന്നതുപോലെ, നിര്‍ണ്ണയം അധമന് ഞാന്‍. എത്രയോ നിസ്സാരമായുള്ളത് ഈ രാജ്യം, ഹാ! ഞാന്‍ ചത്തിടുന്നതുവരേക്കില്ലാതെയില്ലതാനും. ഓര്‍ത്തുകൊണ്ടാല്‍ എന്താണിതുകൊണ്ട്, വൃഥാ ബുദ്ധികെട്ടവനെന്നപോല് ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഉല്‍ക്കൃഷ്ടം, അകൃത്രിമം, നിര്‍ദ്ദോഷം എന്നു ചൊല്ലത്തക്കതായ വസ്തു ഒന്നും ഇങ്ങില്ല. ഏതൊരു സാധനത്തെക്കുറിച്ചാണ് എന്റെ ചേതസ്സ് ഇന്നതിമാത്രം പ്രീതിതോന്നുന്നതോര്ത്താല് വളരെ ഭാഗ്യവാന്മാരായിരുന്നവരെല്ലാം ചില നാളുകള്‍കൊണ്ടു കെട്ടലയുന്നുവല്ലോ.
മനസ്സേ! വലുതായ ഭാഗ്യത്തെക്കുറിച്ച് ഏവം നിനക്ക് എങ്ങനെ വിശ്വാസമുണ്ടാകുന്നു? ആ മഹാഭോഗങ്ങളും സ്നിഗ്ദ്ധബാന്ധവന്മാരായ ആ മഹാന്മാരും മറ്റും സ്മൃതിപദം പ്രാപിച്ചു. വര്‍ത്തമാനത്തില്‍ നിശ്ചയം എന്തോന്നുള്ളു; ഹൃത്താരിലോര്ത്താലുള്ള വിശ്വാസമെത്രമാത്രം! മരിച്ച വിരിഞ്ചന്മാര് കോടിയുണ്ടാകും. സ്വര്‍ഗ്ഗനിരകള്‍ നശിച്ചതിന് അറ്റമുണ്ടാകയില്ല. രാജാക്കന്മാരും കണക്കില്ലാതെ നശിച്ചു. എന്റെ ജീവിതത്തില്‍ എന്തു നിശ്ചയമുള്ളു? ഭവമാകുന്ന രാത്രിയില്‍ ശൂന്യമാകുന്ന ദുസ്സ്വപ്നമായി ഭവിച്ചീടുന്ന ദേഹമയമാകുന്ന ഭ്രമത്തിങ്കല്‍ ആസ്ഥയുണ്ടായിവന്നീടുന്നാകില് എന്റെ ഈ സ്ഥിതിയോളം കഷ്ടമായിട്ടു മറ്റൊന്നില്ല. നല്ലതായ മദ്ധ്യത്തില്‍ ചിലതെല്ലാം നല്ലതായീടും ചിലതൊക്കെയും പര്യന്തത്തില്‍; ചിലതോര്ക്കില് ആദ്യം നന്നായിരിക്കും. നാശകരമായ മലദൂഷിതം എറ്റവും അശ്ശുദ്ധമാണ്. ക്രൂരത്വം, വ്യാകുലത്വം, കാലുഷ്യമെന്നിതെല്ലാം ജഡജനം ദിനംപ്രതിതേടുന്നു. കുട്ടിയില്‍ അജ്ഞാനത്താല്‍ ഹതനായി ഭവിക്കുന്നു. യൗവനത്തില്‍ കഷ്ടമേ സ്ത്രീഹതനായീടുന്നു. വാര്‍ദ്ധക്യം വന്നാല്‍ ചിന്താകുലനായി ഭവിക്കുന്നു. ഓര്‍ത്തീടില്‍ മൂഢന് അപ്പോള്‍ എന്തു ചെയ്തിടുന്നു? സത്തിന്റെ മൂര്ദ്ധാവിങ്കല് അസ്സത്തും രമ്യത്തിന്റെ മൂര്ദ്ധാവിങ്കല് അരമ്യതയും അതുപോലെ സൗഖ്യത്തിന്റെ മൂര്ദ്ധാവിങ്കല് ദുഃഖവും ഭവിക്കുന്നു. ഞാന്‍ ഉള്‍ക്കാമ്പില്‍ പ്രീതിയോടെ എന്തിനെ കൈക്കൊള്‍വൂ?’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: