ഗോപന്‍ ചുള്ളാളം
കാവേരിയും കൊള്ളിടവും ഒഴുകുന്നതിനിടയ്‌ക്കുള്ള കരഭാഗം ചേര്‍ന്ന് രൂപംകൊണ്ട ദ്വീപിലെ വെണ്‍ഞാവല്‍ (ജംബുവൃക്ഷം) നിറഞ്ഞ പ്രദേശത്ത് ഉമാദേവി ജലംകൊണ്ട് ശിവലിംഗം നിര്‍മ്മിച്ച് പൂജിച്ചു. അന്നുമുതല്‍ പഞ്ചഭൂതാംശമായ ജലസാന്നിദ്ധ്യമായി മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നു. പടിഞ്ഞാറുനോക്കിയിരിക്കുന്ന ശിവലിംഗത്തിനു ചുറ്റും വറ്റാത്ത ഒരുറവയുണ്ട്. ശ്രീമത് തീര്‍ത്ഥം എന്നാണതിന്റെ പേര്. കാവേരിയുടെ വടക്കേക്കരയില്‍ പതിനെട്ടേക്കറില്‍ വ്യാപിച്ചു കിടക്കുന്ന മഹാക്ഷേത്രമാണ് തിരുവാനൈക്കാവല്‍. ഇവിടെ പൂജിക്കുന്നവര്‍ക്ക് മംഗല്യഭാഗ്യവും സന്താനലബ്ധിയും ജ്ഞാനവും കവിത്വവും മോക്ഷവും ലഭിക്കുമെന്നാണ് അനുഭവസാക്ഷ്യം. ചോളന്‍മാര്‍ക്കും ചേരന്‍മാര്‍ക്കും പാണ്ഡ്യന്‍മാര്‍ക്കും ഇന്നത്തെ രീതിയില്‍ ക്ഷേത്രം പടുത്തുയര്‍ത്തിയതില്‍ നിര്‍ണായക പങ്കുണ്ട്. ഗോപുരങ്ങളോടുകൂടി ദീര്‍ഘചതുരാകൃതിയിലാണ് ക്ഷേത്ര നിര്‍മ്മിതി. ക്ഷേത്രത്തിന് 2500 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ജംബുമുനി നല്‍കിയ ഞാവല്‍പ്പഴം
തപോനിധിയായ ജംബു മുനി ഒരിക്കല്‍ വിശേഷപ്പെട്ട ഒരു വെണ്‍ഞാവല്‍ പഴം മഹാദേവന് നല്‍കി. ഭഗവാന്‍ കഴിച്ച പഴത്തിന്റെ ബാക്കിവന്ന കുരു പ്രസാദമായി മുനിയും കഴിച്ചു. വിത്തു വളര്‍ന്ന് മരമായി മുനിയുടെ ശിരസ്സു വഴി പടര്‍ന്നു പന്തലിച്ചു. കാവേരിയുടെ തീരത്ത് ഭൂഗര്‍ഭത്തില്‍ തപം ചെയ്യാന്‍ അദ്ദേഹം ശങ്കരനോട് അനുവാദം ചോദിച്ചു. മുനിയുടെ ശിരസ്സില്‍ നിന്നുത്ഭവിച്ച ജമ്പു മരത്തിനടിയിലാണ് ഉമാദേവി ജലലിംഗത്തില്‍ നിത്യവും അര്‍ച്ചന നടത്തിയിരുന്നത്.
സ്ഥലപുരാണം
ജംബുവൃക്ഷച്ചുവട്ടില്‍ കണ്ട ശിവലിംഗത്തില്‍ പരസ്പരം അറിയാതെ ഒരാനയും ചിലന്തിയും നിത്യേന ആരാധന നടത്തിയിരുന്നു. ആന തുമ്പിക്കൈയില്‍ ജലമെടുത്ത് അഭിഷേകം നടത്തി. ജംബു മരമുകളില്‍ വസിച്ചിരുന്ന എട്ടുകാലി ശിവലിംഗത്തിനു മുകളില്‍ വലകെട്ടി പാഴിലകളില്‍ നിന്നും ഭഗവാന് സംരക്ഷണമേകി. ആനയുടെ ജലാഭിഷേകത്തില്‍ ചിലന്തിവല ദിവസവും കുതിര്‍ന്നു നശിച്ചു. ഒരുദിനം കോപം പൂണ്ട ചിലന്തി ആനയെക്കടിച്ചു. തുമ്പിക്കൈയിലൂടെ തലച്ചോറിലേക്ക് വിഷമിറ്റിച്ചു. പ്രാണവേദനയോടെ ആന തുമ്പിക്കൈ നിലത്തടിച്ചു. ആനയും ചിലന്തിയും മരിച്ചുവീണു. ആന വരുന്ന കാട് എന്നര്‍ഥത്തിലാണ് സ്ഥലത്തിന് തിരുവാനൈക്കാവ് എന്ന പേരുവന്നത്.
ക്ഷേത്രനിര്‍മ്മാണം
ശിവപദത്തിലെത്തിയ ആന മോക്ഷപ്രാപ്തി നേടി. ചിലന്തി തമിഴകത്ത് കൊച്ചെങ്കണ്ണ ചോളനായി (ചുവന്ന കണ്ണുള്ള ചോളന്‍) പിറന്നു. അദ്ദേഹമാണത്രെ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ആനകടക്കാത്ത വിധത്തിലാണ് ക്ഷേത്രനിര്‍മ്മിതി. അഞ്ചുമതിലുകളില്‍ ഒരു മൈലോളം ദൈര്‍ഘ്യവും 25 അടിയോളം വലുപ്പവുമുള്ള വിഭൂതി പ്രാകാരം എന്ന തിരുനീര്‍ത്രന്‍ മതിലാണ് പ്രധാനം. മതില്‍ പണി നടക്കവെ ഒരിക്കല്‍ കൂലികൊടുക്കാന്‍ രാജാവിന് പണമില്ലാതെ വന്നു. എവിടെനിന്നോ വന്നെത്തിയ ഒരു സംന്യാസി അന്ന് വൈകിട്ട് എല്ലാര്‍ക്കും ഭസ്മം വേതനമായി നല്‍കി. വീട്ടിലെത്തിനോക്കിയപ്പോള്‍ മടിയില്‍ സൂക്ഷിച്ചിരുന്ന ഭസ്മം സ്വര്‍ണമായിത്തീര്‍ന്നു. സാക്ഷാല്‍ ശിവന്‍ തിരുവിളയാടല്‍ നടത്തിയതാണെന്ന് ഇതോടെ രാജാവിന് ബോധ്യം വന്നു.
നവദ്വാരദര്‍ശനം വിശേഷം
വിശാലമായ തീര്‍ത്ഥക്കുളത്തിനു മധ്യേ നൂറുകാല്‍ മണ്ഡപം സ്ഥിതിചെയ്യുന്നു. ആയിരംകാല്‍ മണ്ഡപത്തിന്റെ ഉള്‍ഭാഗം രഥത്തിന്റെ ആകൃതിയിലാണ്. തൂണുകള്‍ നിറഞ്ഞ ഇടനാഴികളും ധ്വജസ്തംഭവും നന്ദിയും കഴിഞ്ഞാല്‍ ജംബുകേശ്വര സന്നിധിയായി. ചെറിയൊരു കല്‍ക്കെട്ടിനകത്താണ് പ്രതിഷ്ഠ. കല്‍കെട്ടിലുള്ള നവ ദ്വാരങ്ങളിലൂടെയുള്ള ദര്‍ശനം വിശേഷമാണ്. നവദ്വാരങ്ങളിലൂടെയുള്ള ദര്‍ശനം ഒമ്പത് തീര്‍ഥങ്ങളില്‍ കുളിച്ച പുണ്യവുംകൂടി തരുമെന്നാണ് വിശ്വാസം. സന്നിധിയിലേക്ക് വശത്തിലൂടെ പ്രവേശിക്കാം. തല മുട്ടാതിരിക്കാന്‍ അല്പം കുനിയണം. ജലം നിറഞ്ഞ തളത്തിനപ്പുറത്തെ പാതി ഇരുട്ടില്‍ കൂവളമാലകളും നാഗലിംഗപ്പൂക്കളും ചാര്‍ത്തിയ ഔപചാരികതകളില്ലാത്ത ചെറിയൊരു ശിവലിംഗം. അതാണ് ജംബുകേശ്വരന്‍. ആദിശങ്കരന്‍, പഞ്ചമുഖ ഗണപതി, ത്രിമൂര്‍ത്തികള്‍, ഏകപാദമൂര്‍ത്തി എന്നീ വിഗ്രഹങ്ങളുമുണ്ട്.
ദേവിയുടെ ക്ഷേത്രം മതില്‍ക്കെട്ടിനു പുറത്താണ്. ദേവി നിത്യകന്യകയാണ്. ഉഗ്രമൂര്‍ത്തിയായിരുന്ന ദേവിയെ സൗമ്യയാക്കിയത് ശങ്കരാചാര്യരാണത്രെ. അഞ്ചടിയോളം വലിപ്പമുള്ള ചതുര്‍ഭുജവിഗ്രഹമാണ് ദേവിയുടേത്. ഇടതു വശത്തായി അത്ര തന്നെ വലിപ്പമുള്ള ഒറ്റവിളക്ക് തെളിഞ്ഞുകത്തും. ദേവിയെ ശാന്തസ്വരൂപിണിയാക്കാന്‍ കര്‍ണ്ണങ്ങളില്‍ ശ്രീശങ്കരന്‍ അണിയിച്ച ശ്രീചക്രാഭരണം. മുന്നില്‍ ഒരു ശ്രീചക്ര മേരുവും. ശ്രീകോവിലിനു പുറത്ത് ദേവിയെ ശാന്തനാക്കാന്‍ ശ്രീശങ്കരന്‍ സ്ഥാപിച്ച പ്രസന്നഗണപതിയുടെ കൂറ്റന്‍ വിഗ്രഹം അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു.
പൈങ്കുനി ബ്രഹ്മോത്സവം, ത്രൈമാസ പൂജ, ആടിപൂരം, പഞ്ചപ്രകാരോത്സവം, ശിവരാത്രി, നവരാത്രി എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍. രാവിലെ 6 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശന സമയം. തമിഴ്‌നാട്ടില്‍, മധുരയില്‍ നിന്ന് 130 കിലോമീറ്ററും തൃച്ചിയില്‍ നിന്ന് അഞ്ചുകിലോമീറ്ററും ശ്രീരംഗം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്ററും ദൂരത്തിലാണ് ജംബുകേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: