മുംബൈ: മുമ്പുണ്ടായിരുന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അവിഹിത സന്തതിയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തിന് ജനങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അധികാരമോഹത്താല്‍ ഉദ്ധവ് താക്കറെ എന്‍സിപി-കോണ്‍ഗ്രസ് സംഖ്യത്തിനൊപ്പം ചേര്‍ന്ന് വഞ്ചിച്ചുവെന്നും എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.
മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഒരു അവിഹിത സന്തതിയായിരുന്നു. ജനവിധിയുടെ ഭാഗമായല്ല അവര്‍ അധികാരത്തില്‍ വന്നത്. 2019ല്‍ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് എല്ലാവരുമൊത്തുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഉദ്ധവ് താക്കറെ ചതിച്ചു.
അന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആ സര്‍ക്കാരിന് 170 സീറ്റ് ജനവിധി നല്കി. 288ല്‍ 170ല്‍ ഞങ്ങള്‍ വിജയിച്ചു, സഖ്യത്തിന്റെ സീറ്റുകള്‍ കൂടി ചേര്‍ത്താല്‍ അത് 175 ആയിരുന്നു. ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയ വന്‍ ജനവിധിയാണിത്. എന്നാല്‍, ജനവിധി ലഭിക്കാത്തവരും ജനവിധി നേടുന്നതില്‍ പരാജയപ്പെട്ടവരും ചേര്‍ന്നാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രൂപീകരിച്ചത്.
ഉദ്ധവ് താക്കറെ വഞ്ചകനാണ്. മുഖ്യമന്ത്രിയാകാന്‍ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് തങ്ങളെ വഞ്ചിച്ചെന്നും ഫഡ്നാവിസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് വിധിക്കു പിന്നാലെ ഉദ്ധവ് പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചെങ്കിലും അത് ശിവസേനയിലെ പലര്‍ക്കും ഇതില്‍ തൃപ്തരായിരുന്നു. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അത് മഹാരാഷ്ട്രയില്‍ ശക്തമായ ഭരണം നല്‍കുമെന്ന് അവര്‍ വിശ്വസിച്ചു. അതാണ് ഷിന്‍ഡെ പക്ഷം ബിജെപിക്കൊപ്പം വരാന്‍ കാരണമെന്നും ഫഡ്നാവിസ് പറഞ്ഞു.
ആ സമയത്ത് താന്‍ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബിജെപിയും എന്‍സിപിയും ഒരുമിച്ച് നില്‍ക്കുമെന്നും മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നല്‍കുമെന്നും ശരദ് പവാര്‍ സമ്മതിച്ചതായും ഫഡ്നാവിസ് പറഞ്ഞു. എന്നാല്‍ ശരദ് പവാര്‍ ഇരട്ടതാപ്പു കാണിച്ചപ്പോള്‍ ഉദ്ധവ് താക്കറെ പിന്നില്‍ കുത്തുകയായിരുന്നുവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: