ചാലക്കുടി: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വനിതക്കെതിരെ വ്യാജ മയക്കുമരുന്ന് കേസ് ചുമത്തിയതിന് പിന്നില്‍ ദുരൂഹതയേറുന്നു. എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്ന പേരില്‍ എക്സൈസ് സംഘം കണ്ടെടുത്തത് കടലാസ് കഷണങ്ങള്‍ മാത്രമാണെന്ന് ലാബ് പരിശോധനയില്‍ വ്യക്തമായിരുന്നു. 72 ദിവസമാണ് ഷീല സണ്ണി എന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ ജയിലില്‍ കഴിഞ്ഞത്.
സംഭവത്തിന് പിന്നില്‍ തന്നെ കുടുക്കാന്‍ ഉള്ള ശ്രമമെന്നാണ് ഷീലാ സണ്ണി ആരോപിക്കുന്നത്. എക്സൈസിലെ ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. കുടുംബത്തില്‍ നിന്ന് ആരോ തന്നെ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഷീലാ സണ്ണി ആരോപിക്കുന്നത്. ചെറിയ ചില സാമ്പത്തിക പ്രയാസങ്ങളും അതിനെത്തുടര്‍ന്നുള്ള കുടുംബപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനായി ഇറ്റലിയിലേക്ക് പോകാന്‍ വിസക്ക് ശ്രമിക്കുന്നതിനിടെയാണ് കേസില്‍പ്പെട്ടത്.
യാത്ര മുടക്കാന്‍ ബന്ധുക്കളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്നാണ് സംശയിക്കുന്നത്. ഇതിന് ചില എക്സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും അവര്‍ പറയുന്നു. കേസില്‍ അകപ്പെട്ടത് മൂലം തനിക്ക് ബ്യൂട്ടിപാര്‍ലര്‍ പൂട്ടേണ്ടി വന്നു. ഏക വരുമാന മാര്‍ഗമാണ് ഇല്ലാതായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും പോലീസ് വിളിപ്പിച്ചിട്ടില്ല.
അതേസമയം ഷീലാ സണ്ണിക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥനെ എക്സൈസ് സ്ഥലം മാറ്റിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. എക്സൈസ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം കള്ളക്കേസ് എടുക്കാന്‍ കൂട്ടുനിന്നുവെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ആരോ ഫോണില്‍ വിളിച്ച് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ബ്യൂട്ടിപാര്‍ലറില്‍ പരിശോധന നടത്തിയത്. ഫോണില്‍ പറഞ്ഞതുപോലെ ബാഗില്‍ നിന്നും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുത്തത്. എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ ഈ സ്റ്റാമ്പുകള്‍ എല്‍എസ്ഡി ആണോയെന്ന് വ്യക്തമാകുന്നതിന് മുന്‍പ് ഗുരുതരവകുപ്പുകള്‍ ചുമത്തിയതെങ്ങിനെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ല. ഫോണില്‍ തെറ്റായ വിവരം നല്കിയയാളെയും എക്സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നില്ല. സംഭവം വാര്‍ത്തയായതിനെതുടര്‍ന്ന് എക്സൈസിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: