വെച്ചൂച്ചിറ: കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയുടെ പരിധിയില്‍ വരുന്ന വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടരുന്നു. വിഷയത്തില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്. വെച്ചൂച്ചിറ പഞ്ചായത്തിലെ മണ്ണടിശാല, കൂത്താട്ടുകുളം, വാകമുക്ക്, കുന്നം, അച്ചടിപ്പാറ, വെച്ചൂച്ചിറ ടൗണ്‍ മേഖലകളിലാണ് പദ്ധതി വഴി ജലം എത്തിക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിന്റെ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളോട് ചേരുന്ന ഭാഗങ്ങളില്‍ ഉള്‍പ്പെടെ വെച്ചുച്ചിറ – മന്ദമരുതി റോഡിന്റെ ഭാഗങ്ങളായ ഇടമണ്‍, ചേത്തക്കല്‍, കണ്ണങ്കര വരേയും നാറാണംമൂഴി പഞ്ചായത്തിന്റെ ഇടമുറി, തോമ്പിക്കണ്ടം, വലിയപതാല്‍ ഭാഗത്തും ഇവിടെ നിന്നാണ് വെള്ളം എത്തുന്നത്.
വെച്ചൂച്ചിറ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൊല്ലമുള പദ്ധതി വഴിയാണ് ജലവിതരണം നടത്തുക. അടൂര്‍ പ്രോജക്ട് ഡിവിഷന്റെ കീഴിലാണ് ഈ പദ്ധതി. അടൂര്‍ പ്രോജക്റ്റിന്റെ തന്നെ കീഴിലുള്ള പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതി വഴിയാണ് നാറാണംമൂഴി പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ വെള്ളം എത്തിക്കുന്നത്. കൂടാതെ അടിച്ചിപ്പുഴ പദ്ധതിയില്‍ നിന്നും നാറാണംമൂഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തുന്നുണ്ട്.
റാന്നി മേജര്‍ കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, ഐത്തല പദ്ധതി എന്നിവിടങ്ങളില്‍ നിന്നും പഴവങ്ങാടിയുടെ മറ്റ് ഭാഗങ്ങളില്‍ കുടിവെള്ളം എത്തുന്നുണ്ട്. റാന്നിയില്‍ കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്ത് ആണ് കിഴക്കന്‍ മേഖലയായ വെച്ചുച്ചിറ പഞ്ചായത്ത്. നാറാണംമൂഴിയും ഇതേ അവസ്ഥയാണ്. ഡിസംബര്‍ അവസാനത്തോടെ ഈ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസുകളും എല്ലാം വറ്റി വരളും. പിന്നെ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ ശൃംഖല മാത്രമാണ് നാട്ടുകാരുടെ ഏക ആശ്രയം.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. ജലവിതരണം സാധ്യമാക്കുന്ന പദ്ധതിക്കായി 63.6188 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 33.77 കോടി രൂപയുടെ ടെന്‍ഡര്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വെച്ചൂച്ചിറ 1600, നാറാണംമൂഴി 350, റാന്നി പഴവങ്ങാടി 2000 എന്നിങ്ങനെയാണ് ഈ പദ്ധതി വഴി ഹൗസ് കണ്‍വെന്‍ഷനുകള്‍ കൊടുക്കുന്നത്. ആകെ 3950 ഹൗസ് കണക്ഷനുകള്‍ ആണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: