കോട്ടയം: സംസ്ഥാനത്തെ ബസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ് ഉടമകളുടെയും എതിര്‍പ്പിന് വഴങ്ങിയാണ് ഉത്തരവ് നീട്ടിക്കൊണ്ടുപോകുന്നത്. ഇപ്പോള്‍ മൂന്നാം തവണയും സമയപരിധി നീട്ടിനല്കിയിരിക്കുകയാണ്.
ഫെബ്രുവരി 28നകം ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ബസുകളുടെ മത്സരയോട്ടവും നിയമലംഘനങ്ങളും അപകടങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ബസിന്റെ മുമ്പിലും അകത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. എന്നാല്‍ വീണ്ടും തീയതി ജൂണ്‍ 30 വരെ നീട്ടി നല്കി. ഈ കാലാവധി ഇന്നലെ അവസാനിക്കുന്ന ഘട്ടത്തിലാണ് സപ്തംബര്‍ 30 വരെ നീട്ടിയത്.
യോഗത്തില്‍ തീരുമാനിച്ചതിങ്ങനെ;
ക്യാമറ സ്ഥാപിക്കുന്നതിന് പുറമേ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ട ചുമതലയുണ്ടാകും. ബസില്‍ നിന്ന് റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാര്‍ഗനിര്‍ദേശവും അതോറിറ്റി നല്‍കും. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തും. സ്വകാര്യബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
തീരുമാനത്തിന് ശേഷം നാമമാത്ര സ്വകാര്യ ബസുകളില്‍ മാത്രമാണ് ക്യാമറകള്‍ സ്ഥാപിച്ചത്. കെഎസ്ആര്‍ടിസി ബസുകളില്‍ അതുമുണ്ടായില്ല. നിലവില്‍ കെഎസ്ആര്‍ടിസിക്ക് മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കേണ്ടിവരും. തീരുമാനം നീട്ടിയതിന് ഇതും ഒരു കാരണമാണ്.
ഒന്നിനും വ്യക്തതയില്ല ക്യാമറ വാങ്ങാനുള്ള തുകയുടെ പകുതി നല്‍കുമെന്നും ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നുമുള്ള തീരുമാനമാണ് ബസ് ഉടമകളെ ആശയക്കുഴപ്പത്തിലാക്കിയത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
രണ്ട് ക്യാമറകള്‍ സ്ഥാപിക്കാന്‍ 6000 മുതല്‍ 7000 രൂപ വരെ ചെലവ് വരും. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നാല് ക്യാമറയെങ്കിലും വേണ്ടിവരുമെന്നാണ് ഉടമകള്‍ പറയുന്നത്.
മത്സരയോട്ടത്തിന്റെ പ്രധാനപ്രശ്നം സമയമാണെന്നും പെര്‍മിറ്റ് നല്കുമ്പോള് ഒന്നിലധികം ബസുകള്‍ക്ക് ഒരേസമയം നല്‍കുന്നതാണ് മത്സരയോട്ടത്തിന് കാരണമാകുന്നതെന്നുമാണ് ഉടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: