വടക്കഞ്ചേരി: പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ കുതിരാന്‍ സമീപം റോഡില്‍ വീണ്ടും വിള്ളല്‍. മൂന്ന് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ രണ്ട് മീറ്ററോളം ദൂരത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. പാലക്കാട് നിന്നും തൃശൂരിലേക്ക് വരുന്ന പാതയില്‍ വഴക്കുംപാറ അടിപ്പാതയോട് ചേര്‍ന്നാണ് വിള്ളല്‍. മാസങ്ങള്‍ക്ക് മുന്‍പ് ശ്രദ്ധയില്‍പ്പെട്ടെങ്കിലും മിശ്രിതം ഉപയോഗിച്ച് വിള്ളല്‍ രൂപപ്പെട്ട സ്ഥലത്ത് പാറപ്പൊടിയിട്ട് അടയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
കരാര്‍ കമ്പനിയുടെ അശാസ്ത്രീയ നിര്‍മാണമാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. പണിതീരാത്ത സര്‍വീസ് റോഡിലേക്ക് റോഡ് ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ ആശങ്കപ്പെടുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കാതെ കല്ല് കെട്ടി മണ്ണിട്ട് ഉയര്‍ത്തിയ മേല്‍പ്പാതയുടെ വശങ്ങളില് വിള്ളല്‍ വീണ് ഇടിഞ്ഞു തുടങ്ങിയതും കണ്ടെത്തിയിരുന്നു. പാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തുന്നത് യാത്രികരെ ഭീതിയിലാക്കുന്നുണ്ട്.
ദേശീയപാതയില്‍ ഉണ്ടായ വിള്ളല്‍ സംബന്ധിച്ച് ജൂലൈ മൂന്നിന് കളക്ടറേറ്റില്‍ ഉന്നത തലയോഗം ചേരുമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി. പ്രദേശത്ത് റീടെയ്നിങ് വാള് നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഉന്നതതല സംഘം വ്യക്തമാക്കി. നിര്‍മാണ കമ്പനി പ്രതിനിധി അജിത് പ്രസാദ്, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉന്നതതല സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: